സി.എസ്.ഐ.ആർ -നെറ്റ് പരീക്ഷ പേപ്പർ ചോർന്നു? രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഹരിയാന പൊലീസ്
text_fieldsന്യൂഡൽഹി: സയൻസ് വിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രഫസർഷിപ് (ലെക്ചർഷിപ്) യോഗ്യതക്കുള്ള സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപണം.
ഡിസംബർ 18ന് നടന്ന പരീക്ഷയുടെ ഒരു ദിവസം മുമ്പ് രണ്ടു വിഷയങ്ങളുടെ ചോദ്യപേപ്പർ ഹരിയാനയിലെ സോനിപ്പത്തിൽ മൂന്നുമുതൽ നാല് ലക്ഷം രൂപ വരെ വാങ്ങി വിൽപ്പന നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈഫ് സയൻസ്, കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പർ സോനിപ്പത്തിലെ ഒരു കെട്ടിടത്തിൽ ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് 37 വിദ്യാർഥികളെ പരിശീലിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ ഹരിയാന പൊലീസോ അധികൃതരോ വിശദീകരണം നൽകാൻ തയാറായില്ല.
സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പോലുള്ള അഭിമാനകരമായ ദേശീയ പരീക്ഷയുടെ പേപ്പറാണ് പരീക്ഷക്കു മുമ്പ് പുറത്തുവന്നതെന്നും ഇതു വിദ്യാഭ്യാസ സമ്പ്രദായത്തിന് ആഴത്തിലുള്ള പ്രഹരം ഏൽപ്പിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് കുമാരി ഷെൽജ പറഞ്ഞു. ആവർത്തിച്ചുള്ള പേപ്പർ ചോർച്ചയുണ്ടായിട്ടും സർക്കാർ എന്തുകൊണ്ട് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ ചോദിച്ചു.
ഹരിയാനയിലെ സി.എസ്.ഐ.ആർ- നെറ്റ് പേപ്പർ ചോർന്നെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഒരു പേപ്പർ പോലും ചോർന്നിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു. കഴിഞ്ഞ വർഷം ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ പേപ്പർ ചോർന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

