പൂർത്തിയാകാതെ കെ-ടെറ്റ് പാസാകാത്ത അധ്യാപകരുടെ കണക്കെടുപ്പ്
text_fieldsകൊച്ചി: സംസ്ഥാനത്ത് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷ പാസാകാതെ അധ്യാപകരായി ജോലി ചെയ്യുന്നവരുടെ പൂർണമായ കണക്കില്ലാതെ സർക്കാർ.
ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സർക്കാർ- എയ്ഡഡ് സ്കൂൾ അധ്യാപകർ കെ-ടെറ്റ് പാസായിരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം വഴി തീരുമാനിച്ചത് 2012ലാണ്. യോഗ്യതയില്ലാതെ നിയമനം നേടിയവർക്കായി അവസാനം കെ-ടെറ്റ് നടത്തിയത് 2023 സെപ്റ്റംബറിലാണ്. 2011 ജൂലൈ 20നുശേഷം പുറപ്പെടുവിച്ച പി.എസ്.സി വിജ്ഞാപനം പ്രകാരം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും യോഗ്യത നേടുന്നതിന് 2023ൽ പരീക്ഷ നടത്തിയിരുന്നു.
എന്നാൽ, ഇവരിൽ കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന നിരവധി പേരുള്ളതായാണ് സർക്കാർ കണ്ടെത്തൽ. ഇത്തരത്തിൽ നിശ്ചിത കാറ്റഗറിയിൽ ആവശ്യമായ കെ-ടെറ്റ് യോഗ്യതയില്ലാതെ സ്കൂളുകളിൽ തുടരുന്ന അധ്യാപകർക്ക് മാത്രമായി അവസാന അവസരമെന്ന നിലക്ക് 2025 മേയിൽ പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനം.
കെ-ടെറ്റ് പാസാകാതെ അധ്യാപക നിയമനം ലഭിച്ച് അഞ്ചുവർഷം പൂർത്തിയായവർക്ക് പിന്നീട് പരീക്ഷയെഴുതേണ്ടതില്ലെന്ന പ്രചാരണം തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

