'കേരള'യും റഷ്യൻ സർവകലാശാലയും തമ്മിൽ സഹകരണത്തിന് ധാരണ
text_fieldsകേരള സര്‍വകലാശാലയുടെയും റഷ്യയിലെ യാറോസ്ലാവ് ദ വൈസ് നൊവൊഗ്രാഡ് സര്‍വകലാശാലയുടെയും അധികൃതർ കൂടിക്കാഴ്ച നടത്തിയപ്പോൾ
തിരുവനനന്തപുരം: സ്കോളര്‍ഷിപ്പുകള്‍ നല്കുന്നതിൽ കോഴ്സുകളുടെ വിഷയത്തിലും കേരള സര്‍വകലാശാലയും റഷ്യയിലെ യാറോസ്ലാവ് ദ വൈസ് നൊവൊഗ്രാഡ് സര്‍വകലാശാലയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാഥമിക ധാരണയായി. റഷ്യന്‍ സര്‍വകലാശാലയുടെ റെക്ടര്‍ യൂറി ബോറോവിക്കോവിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കേരള സര്‍വകലാശാല സന്ദര്‍ശിച്ചു.
സൈബര്‍ സുരക്ഷ, സൈദ്ധാന്തിക ഭൗതിക ശാസ്ത്രം, പോളിമര്‍ മോഡലിങ് തുടങ്ങിയ ബിരുദാനന്തരബിരുദ പാഠ്യപദ്ധതികളില്‍ ഒരു സെമസ്റ്റര്‍ നീണ്ട പരിശീലന പരിപാടികളില്‍ സഹകരിക്കും. കേരള സര്‍വകലാശാലയിലെ രണ്ടോ മൂന്നോ ബിരുദ വിദ്യാർഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാല സ്കോളര്‍ഷിപ് വ്യവസ്ഥയില്‍ പ്രവേശനം നല്‍കും. അതോടൊപ്പംതന്നെ രണ്ട് പോസ്റ്റ് ഡോക്ടറല്‍ വിദ്യാർഥികള്‍ക്കും പ്രവേശനം നല്‍കും.
കേരള സര്‍വകലാശാലയുടെ റഷ്യന്‍ വകുപ്പിനെ ശക്തിപ്പെടുത്താന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസത്തേക്ക് വിദഗ്ധ അധ്യാപകരുടെ സേവനം റഷ്യന്‍ സര്‍വകലാശാല നല്‍കും. റഷ്യയിലെ വെലിക്കി നൊവൊഗ്രാഡ് പട്ടണത്തില്‍ മലയാളം, ഹിന്ദി പഠനത്തിന് സ്കോളര്‍ഷിപ് സൗകര്യം ഏര്‍പ്പെടുത്തും.
ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക സമ്മതം ലഭിക്കുന്ന മുറക്ക് സഹകരണപത്രം ഒപ്പ് വെക്കും. നോവൊഗ്രാഡ് പ്രദേശത്തെ സഹ ഗവര്‍ണര്‍ ഇല്യാ മലെങ്കോ, വെലികി നൊവോഗ്രാഡ് പട്ടണത്തിലെ മേയര്‍ അലക്സാണ്ടര്‍ റോസ്ബോം, നൊവൊഗ്രാഡ് പ്രവിശ്യയിലെ ഗവര്‍ണറുടെ ഓഫിസിലെ ഭരണവിഭാഗം ഉപമേധാവി നിക്കോലൈ ഷെസ്റ്റാക്കോവ്, തിരുവനന്തപുരം റഷ്യന്‍ ഹൗസ് മേധാവിയും ഓണററി കൗണ്‍സലുമായ രതീഷ് സി. നായര്‍, ഉപ മേധാവി കവിത നായര്‍ എന്നിവര്‍ നോവൊഗ്രാഡ് സര്‍വകലാശാലയെ പ്രതിനിധാനംചെയ്തു.
കേരളസര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എസ്. നസീബ്, ഡോ.കെ.ജി. ഗോപ്ചന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. കെ.എസ്. അ നില്‍കുമാര്‍, ഐ.ക്യു.എ.സി മേധാവി ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

