പ്ലസ് വൺ മൂന്നാം അലോട്ട്മെന്റിന് മുമ്പ് കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട പ്രവേശനം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ മൂന്നാം അലോട്ട്മെന്റിനുമുമ്പ് കമ്യൂണിറ്റി, മാനേജ്മെന്റ് േക്വാട്ട സീറ്റുകളിൽ പ്രവേശനത്തിന് അനുമതി നൽകിയത് വിദ്യാർഥികൾക്ക് കുരുക്കായി.
കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്ട്മെന്റിൽ പ്രവേശന സാധ്യത തെളിഞ്ഞപ്പോൾ സ്കൂൾ, കോഴ്സ് മാറ്റത്തിന് സാധിച്ചില്ല. ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെ കമ്യൂണിറ്റി േക്വാട്ട സീറ്റിൽ പ്രവേശനം നേടിയവർക്ക് മെറിറ്റ് സീറ്റിലേക്ക് മാറാൻ അനുമതി നൽകി.
എന്നാൽ, കമ്യൂണിറ്റി േക്വാട്ടയിൽ പ്രവേശനം നേടിയ സ്കൂളിലെ സമാന കോഴ്സിലേക്കാണ് മെറിറ്റിലും അലോട്ട്മെന്റ് ലഭിച്ചതെങ്കിൽ അത്തരം വിദ്യാർഥികൾക്ക് മാറ്റം അനുവദിക്കില്ല. മറ്റൊരു സ്കൂളിലേക്കോ മറ്റൊരു കോഴ്സിലേക്കോ അലോട്ട്മെന്റ് ലഭിച്ചവർക്കാണ് മാറ്റം ലഭിക്കുക. മാനേജ്മെന്റ് േക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് മെറിറ്റിലേക്ക് മാറ്റം അനുവദിച്ചിട്ടില്ല.
പല എയ്ഡഡ് സ്കൂളുകളും പണം വാങ്ങി മാനേജ്മെന്റ് േക്വാട്ടയിൽ പ്രവേശനം നൽകിയ വിദ്യാർഥികൾക്ക് അതേ സ്കൂളിൽ മെറിറ്റിൽ അലോട്ട്മെന്റ് ലഭിക്കുമ്പോൾ കുട്ടി അറിയാതെ സീറ്റ് മാറ്റി നൽകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇത്തരത്തിലുള്ള മാറ്റം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. മെറിറ്റിലേക്ക് മാറിയ വിദ്യാർഥിയിൽനിന്ന് ആദ്യം വാങ്ങിയ പണം തിരികെ നൽകുന്നില്ലെന്നും പകരം മാനേജ്മെന്റ് േക്വാട്ടയിൽ പ്രവേശനം നൽകുന്നവരിൽനിന്ന് പണം വാങ്ങുന്നെന്നും പരാതി ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ കമ്യൂണിറ്റി േക്വാട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റും അടുത്ത വർഷം മുതൽ സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്.
ഹയർ സെക്കൻഡറി വിഭാഗം നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്കൂൾതലത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിലവിൽ കമ്യൂണിറ്റി േക്വാട്ട സീറ്റിൽ പ്രവേശനം നടത്തുന്നത്. പല സ്കൂളുകളിലും കുട്ടികൾക്ക് കമ്യൂണിറ്റി ക്വോട്ട സീറ്റിന് അപേക്ഷാ ഫോറം നൽകുന്നില്ലെന്ന് പരാതിയുമുണ്ട്. ഏകജാലക പ്രവേശന നടപടികളുടെ ഭാഗമായി കമ്യൂണിറ്റി േക്വാട്ട സീറ്റിലേക്കും പ്രവേശനം നടത്തുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.

