ബംഗളൂരു: എട്ടു മാസത്തെ ഇടവേളകൾക്കുശേഷം കർണാടകയിലെ ബിരുദ, എൻജിനീയറിങ് കോളജുകൾ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും കോളജുകളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിക്കുക.
മാർച്ച് 16നാണ് കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ കോളജുകൾ അടച്ചത്. തുടർന്ന് ഒാൺലൈനായാണ് ഇതുവരെ ക്ലാസുകൾ തുടർന്നത്. കോളജുകളിൽ നേരിട്ടെത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് നിലവിലെ ഒാൺലൈൻ ക്ലാസുകൾ തുടരാവുന്നതാണ്. ചില കോളജുകളിൽ അവസാന വർഷ വിദ്യാർഥികൾക്കു മാത്രമാണ് നേരിട്ടെത്തിയുള്ള ക്ലാസുകൾ.
വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും കോളജിലെ മറ്റു ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. കാമ്പസിലെ ലൈബ്രറിയും കാൻറീനും തുറക്കില്ല. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനൊപ്പം രക്ഷിതാക്കളുടെ സമ്മതപത്രവും നിർബന്ധമാണ്.