അഞ്ചര വർഷത്തിനുശേഷം കോളജ് അധ്യാപക നിയമനം വരുന്നു; 361 അധിക തസ്തികകളിൽ 149 എണ്ണം പുനർവിന്യസിച്ച് ഉത്തരവ്
text_fieldsതിരുവനന്തപുരം: അഞ്ചര വർഷത്തെ നിയമന വിലക്കിന് ശേഷം സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 90 അധ്യാപക തസ്തികകളിൽ നിയമനത്തിന് വഴി തുറന്നു. ഇതിന്‍റെ ഭാഗമായി അധ്യാപക ജോലിഭാരം (വർക്ക്ലോഡ്) വെട്ടിക്കുറച്ചതുവഴി അധികമായി മാറിയ 361 അധ്യാപക തസ്തികകളിൽ 149 എണ്ണം പുനർവിന്യസിച്ച് സർക്കാർ ഉത്തരവിറക്കി.
പുനർവിന്യാസത്തിന് ശേഷം വിവിധ വിഷയങ്ങളിലുണ്ടാകുന്ന 90 അധ്യാപക ഒഴിവുകളിൽ നിയമനത്തിന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവിൽ നിർദേശവും നൽകിയിട്ടുണ്ട്. 2020-21 വർഷത്തിൽ പുതിയ കോഴ്സുകൾ അനുവദിച്ച കോളജുകളിലുണ്ടായ അധിക ജോലിഭാരം കൂടി പരിഗണിച്ചാണ് ഈ കോളജുകളിലേക്ക് ഉൾപ്പെടെ പുനർവിന്യാസം നടത്തിയത്. 90 തസ്തികകളിൽ നിയമനത്തിന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതോടെ 2020 ജൂൺ ഒന്ന് മുതൽ നിയമന വിലക്ക് നിലനിൽക്കുന്ന സർക്കാർ കോളജുകളിലേക്ക് നിലവിലുള്ള പി.എസ്.സി റാങ്ക് പട്ടികകളിൽനിന്ന് ചുരുക്കം പേർക്ക് നിയമനം ലഭിക്കും.
കോളജ് അധ്യാപക തസ്തിക വെട്ടിക്കുറക്കാനും അതുവഴി ഒട്ടേറെ ഉദ്യോഗാർഥികളുടെ തൊഴിലവസരം ഇല്ലാതാക്കാനും വഴിവെക്കുന്ന രീതിയിൽ 2020 ഏപ്രിൽ ഒന്നിനും മേയ് 25നുമാണ് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ഇടത് അധ്യാപക സംഘടനകൾ ഉൾപ്പെടെ രംഗത്തുവന്നെങ്കിലും പിൻവലിക്കാൻ സർക്കാർ തയാറായില്ല. എല്ലാതരം തരം കോളജ് അധ്യാപക നിയമനത്തിനും ആഴ്ചയിലെ ജോലിഭാരം 16 മണിക്കൂർ ആക്കിയുള്ള 2020ലെ ഉത്തരവിലൂടെയാണ് തസ്തികകൾ അധികമായി മാറിയത്.
നേരത്തെ ഒന്നാമത്തെ തസ്തികക്ക് 16 മണിക്കൂറും രണ്ടാമത്തെ തസ്തികക്ക് ഒമ്പത് മണിക്കൂറും മതിയായിരുന്നു. ഇതിന് പുറമെ പി.ജി അധ്യാപനത്തിനുള്ള അധിക വെയ്റ്റേജും എടുത്തൊഴിവാക്കിയതും തിരിച്ചടിയായി. ഏക അധ്യാപകരുള്ള വിഷയങ്ങളിൽ നിയമനത്തിന് 12 മണിക്കൂർ ജോലിഭാരം മതിയായിരുന്നത് 16 മണിക്കൂറാക്കി മാറ്റുകയും ചെയ്തു. ഇതിന് പുറമെ എം.ഫിൽ കോഴ്സ് നിർത്തലാക്കിയതും തിരിച്ചടിയായി. കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ അധ്യാപകർ വിരമിച്ച 361 അധ്യാപക തസ്തികകൾ അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അഞ്ചര വർഷമായി സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ നിയമന നിരോധന സാഹചര്യമായത്.
നിയമനം നടക്കാതെ പി.എസ്.സി റാങ്ക് പട്ടികകൾ കാലാവധി കഴിയുന്ന സാഹചര്യവുമുണ്ടായി. ഉദ്യോഗാർഥികളിൽ നിന്നടക്കം കനത്ത പ്രതിഷേധവും സമ്മർദവും ഉയർന്നതോടെയാണ് 2020-21ൽ അനുവദിച്ച കോഴ്സുകൾ കൂടി പരിഗണിച്ച് അധിക തസ്തികകളിൽ 149 എണ്ണം പുനർവിന്യസിക്കാനും 90 എണ്ണം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചത്. എന്നാൽ, ജോലിഭാരം വിലയിരുത്താതെ സർക്കാർ ഇറക്കിയ ഉത്തരവ് റാങ്ക് പട്ടികയിലുള്ളവരുടെ അവസരം ഇല്ലാതാക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
അധിക തസ്തികകൾ, പുനർവിന്യസിച്ച തസ്തികകൾ എന്നിവ ക്രമത്തിൽ;
ഇംഗ്ലീഷ് 21, 21
കെമിസ്ട്രി 14, 14
മാത്തമാറ്റിക്സ് 20, 10
കോമേഴ്സ് 55, 29
ഫിസിക്സ് 20, 16
മലയാളം 16, 7
സ്റ്റാറ്റിസ്റ്റിക്സ് 7, 7
പൊ. സയൻസ് 9, 9
ബോട്ടണി 11, 5
സുവോളജി 10, 5
ജിയോളജി 6, 3
സൈക്കോളജി 2, 2
അറബിക് 10, 1
ഹിന്ദി 11, 1
ഹിസ്റ്ററി 28, 7
ട്രാവൽ ആൻഡ് ടൂറിസം 1, 1
ഇക്കണോമിക്സ് 46, 13
തമിഴ് 7, 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

