ഹൈകോടതിയിൽ സിവിൽ ജഡ്ജാകാം; ഒഴിവുകൾ 27, ഓൺലൈനിൽ അപേക്ഷ മേയ് നാലിനകം
text_fieldsകേരള ഹൈകോടതിയിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിൽ നേരിട്ടും തസ്തിക മാറ്റം വഴിയും എൻ.സി.എ (എസ്.ടി/എസ്.സി), ഭിന്നശേഷി വിഭാഗത്തിലുമുള്ള റിക്രൂട്ട്മെൻറിന് അർഹതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 77,840-1,36,520 രൂപ. 2026ലെ കേരള ജുഡീഷ്യൽ സർവിസ് പരീക്ഷ വഴിയാണ് നിയമനം.
ഒഴിവുകൾ: ആകെ 27 (നേരിട്ടും തസ്തിമാറ്റം വഴിയും 9, ഭിന്നശേഷി വിഭാഗങ്ങൾക്ക് 15, എൻ.സി.എ-എസ്.സി/എസ്.ടി 3) വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.highcourt.kerala.gov.inൽ ലഭ്യമാണ്.യോഗ്യത: നിയമബിരുദം. അഭിഭാഷകരായി മൂന്നുവർഷമെങ്കിലും പ്രാക്ടീസ്. നല്ല സ്വഭാവവും ആരോഗ്യവുമുള്ളവരാകണം. പ്രായം 35 വയസ്സിന് താഴെ.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ (ഗ്രേഡ് 1, 2) ഹൈകോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാർ/മറ്റ് ഓഫിസർമാർ, അഡ്വക്കറ്റ് ജനറൽ ഓഫിസിലെ അണ്ടർ സെക്രട്ടറിമാർ/സെക്ഷൻ ഓഫിസർമാർ, ഗവ. സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സെക്ഷൻ ഓഫിസർമാർ/ലൈബ്രറിയൻ, ജില്ലാ കോടതികളിലെയും മറ്റും ശിരസ്താർ, ഗവൺമെന്റ് ലോ കോളജുകളിലെ ഫുൾടൈം അസിസ്റ്റന്റ് പ്രഫസർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്കാണ് അവസരം.
വിശദമായ യോഗ്യതകളും പരീക്ഷാ ഘടനയും സിലബസുമെല്ലാം വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 1250 രൂപ. പട്ടിക വിഭാക്കാർക്കും തൊഴിൽരഹിത ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല. www.highcourt.kerala.gov.inൽ മേയ് നാലിനകം അപേക്ഷിക്കാം. 7-15 വരെ ഫീസ് അടക്കം. സംശയനിവാരണത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4.30 മണിവരെ 0484-2562235 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഡൽഹിയിൽ എം.എസ്‍സി നഴ്സിങ്;ഓൺലൈനിൽ അപേക്ഷ ഏപ്രിൽ 24നകം
ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത് കൗർ നഴ്സിങ് കോളജിൽ 2026-27 വർഷത്തെ എം.എസ്‍സി നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. കേന്ദ്രസർക്കാറിന് കീഴിലുള്ള സ്ഥാപനമാണിത്. നാലു സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ കോഴ്സിൽ 27 സീറ്റുകളുണ്ട്. നഴ്സിങ് എജുക്കേഷൻ, അഡ്വാൻസ് നഴ്സിങ് പ്രാക്ടീസ്, നഴ്സിങ് റിസർച്ച്, ക്ലിനിക്കൽ സ്പെഷാലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, നഴ്സിങ് മാനേജ്മെന്റ് എന്നിവയാണ് പഠനമേഖലകൾ.
പ്രവേശന യോഗ്യത: അംഗീകൃത ബി.എസ്‍സി നഴ്സിങ് 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. (പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു ശതമാനം മാർക്കിളവുണ്ട്). 100 കിടക്കകളുള്ള ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.rakcon.comൽ.അപേക്ഷാഫീസ് 1500 രൂപ. ഓൺലൈനിൽ ഏപ്രിൽ 24 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. മേയ് 31 ഞായറാഴ്ച 10 മണിക്ക് നടത്തുന്ന സെലക്ഷൻ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 011-26436788, 26435270, 26435397.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

