കുട്ടികൾ ക്ലാസിലെത്തിയില്ല; കാടുകയറി അധ്യാപകൻ
text_fieldsകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന അധ്യാപകൻ എസ്.ടി. രാജ്
തൊടുപുഴ: കുട്ടികളെ കണ്ടെത്താൻ കാടുകയറി അവരെ സ്വന്തം വാഹനത്തിൽ എത്തിക്കുന്ന അധ്യാപകനുണ്ട് ഇടുക്കിയിൽ. വണ്ടിപ്പെരിയാർ സർക്കാർ യു.പി സ്കൂളിലെ പ്രഥമാധ്യാപകൻ എസ്.ടി. രാജാണ് ആറോളം കുട്ടികളെ സ്കൂളിലെത്തിക്കാൻ സ്വന്തം വാഹനവുമായി ഇറങ്ങുന്നത്. വനംവകുപ്പിന്‍റെ ക്വാർട്ടേഴ്സിലാണ് കുട്ടികളും കുടുംബവും താമസിച്ചിരുന്നത്.
അധ്യയനവർഷം ആരംഭിച്ചപ്പോൾ ഇവർ സ്കൂളിൽ പ്രവേശനം നേടിയിരുന്നെങ്കിലും ക്ലാസിലെത്തുന്ന ദിവസങ്ങൾ കുറവായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് കുട്ടികൾ അച്ഛനമ്മമാർക്കൊപ്പം കാടിനകത്തേക്കുപോയെന്ന് മനസ്സിലായത്. മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവരാണിവർ.
തുടർന്ന് വനംവകുപ്പിന്‍റെ അനുമതിനേടി കാടിനുള്ളിലെത്തി ഇവരുടെ താമസസ്ഥലം കണ്ടെത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. വാഹന സൗകര്യമുള്ള സ്ഥലത്തുനിന്ന് കുറച്ച് ദൂരെയാണ് ഇവർ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം വരുന്ന സമയമൊന്നും ഇവർക്കറിയില്ല. ഇതുമൂലം ക്ലാസുകൾ പലതും മുടങ്ങുകയായിരുന്നു. രക്ഷിതാക്കളും ഇവർ സ്കൂളിൽ പോകുന്ന കാര്യത്തിൽ ജാഗ്രത പുലർത്തിയില്ല.
തുടർന്ന് മാതാപിതാക്കളെയും സ്കൂളിലെത്തുന്നതിന്‍റെ പ്രാധന്യമടക്കം ബോധ്യപ്പെടുത്തി കുട്ടികളെ അധ്യാപകൻതന്നെ ക്ലാസിലെത്തിക്കുകയായിരുന്നു. രാവിലെ എട്ടുമണിക്ക് കുട്ടികൾ താമസിക്കുന്നയിടത്തുപോയി ഒമ്പതരക്ക് കുട്ടികളുമായി സ്കൂളിലെത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. വണ്ടിപ്പെരിയാർ-ഗവി റൂട്ടിൽ വള്ളക്കടവ് ചെക്ക്പോസ്റ്റിനുള്ളിൽ വരെപ്പോകും.
വൈകീട്ട് പരാമവധി അവരെ കാറിൽത്തന്നെ കൊണ്ടെത്തിക്കും. തിരക്കാണെങ്കിൽ പകരം വാഹനസൗകര്യം സ്കൂളിൽനിന്ന് ഏർപ്പെടുത്തിക്കൊടുക്കും. വാഹനസൗകര്യം ഉണ്ടാകുന്നതുവരെ കുട്ടികളെ കൊണ്ടെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ്.ടി. രാജ് പറഞ്ഞു. അടുത്തയാഴ്ച മുതൽ റേഞ്ച് ഓഫിസർ ഇടപെട്ട് വാഹന സൗകര്യം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.കൂടാതെ ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ഇവർക്ക് ലഭ്യമാകുന്ന തരത്തിലുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുകയാണെന്ന് അധ്യാപകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

