കുട്ടികളും ഇനി കാലാവസ്ഥ പ്രവചിക്കും; ജില്ലയിൽ 11 നിരീക്ഷണകേന്ദ്രം തുടങ്ങും
text_fieldsആലപ്പുഴ: 'ശക്തമായ കാറ്റിനും മഴക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്' -സ്കൂളിൽനിന്ന് ഇത്തരമൊരു ജാഗ്രത നിർദേശം കിട്ടിയാൽ ആരും തള്ളിക്കളയണ്ട. ഭൗമശാസ്ത്രം പഠനവിഷയമായ ജില്ലയിലെ 11 ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ സമഗ്രശിക്ഷ കേരളം കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആരംഭിക്കുകയാണ്. ഇതിലൂടെ കുട്ടികൾക്കും കാലാവസ്ഥ പ്രവചിക്കാനാകും.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുടെ സാധ്യതയും പാഠപുസ്തക അറിവിനപ്പുറം നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകുന്നതാണ് പദ്ധതി. അതത് സ്കൂളുകളാണ് കാലാവസ്ഥ സ്റ്റേഷന് ഉപകരണങ്ങൾ വാങ്ങി സജ്ജീകരിക്കേണ്ടത്. ഇതിനായി 53,225 രൂപ വീതം അനുവദിച്ചു.
മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കുന്ന കപ്പ് കൗണ്ടർ, അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്കിടെ കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ സിക്സിന്റെ മാക്സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്ക്രീൻ ഉൾപ്പെടെ ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സജ്ജീകരിക്കുക.
സ്കൂളുകളിൽ കുട്ടികൾ നിരീക്ഷിച്ച് കാലാവസ്ഥ രേഖപ്പെടുത്തും. അധ്യാപകർക്കും വിദ്യാർഥികൾക്കും വിദഗ്ധ പരിശീലനം നൽകിക്കഴിഞ്ഞു. ആലപ്പുഴ മോഡൽ, ആല, ഹരിപ്പാട് മോഡൽ ബോയ്സ്, കായംകുളം ബോയ്സ്, മാവേലിക്കര കുന്നം, പെരുമ്പളം, ചാരമംഗലം ഡിവി, തിരുവൻവണ്ടൂർ, ബുധനൂർ, അങ്ങാടിക്കൽ ഹയർ സെക്കൻഡറികളിലാണ് കേന്ദ്രം സ്ഥാപിക്കുക. ഓരോ സ്റ്റേഷനിലും 13 ഉപകരണങ്ങൾ വീതം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

