അത്രയും കടുകട്ടിയാണോ ജെ.ഇ.ഇ മെയിനും നീറ്റ് യു.ജിയും? കേന്ദ്രം പുനഃപരിശോധനക്ക് ഒരുങ്ങുന്നു
text_fieldsരാജ്യത്തെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളാണ് ജെ.ഇ.ഇ മെയിനും നീറ്റ് യു.ജിയും. ജെ.ഇ.ഇ, നീറ്റ് പോലുള്ള പ്രവേശന പരീക്ഷകളുടെ ബുദ്ധിമുട്ട് ലെവൽ പുനഃപരിശോധിക്കുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. 12ാം ക്ലാസ് പാഠ്യപദ്ധതിയുടെ ലെവലുമായി ഈ പരീക്ഷകളെ ബന്ധിപ്പിക്കാനാണ് ആലോചന. അപ്പോൾ വിദ്യാർഥികൾക്ക് കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ ഈ എൻട്രൻസ് പരീക്ഷകളുടെ കടമ്പ കടക്കേണ്ടി വരില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. കോച്ചിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച ഒരു വിദഗ്ദ്ധ പാനലിന്റെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് അവലോകനം നടത്തുക.
ഈ പാനൽ ജെ.ഇ.ഇ മെയിൻ, നീറ്റ് പരീക്ഷകളുടെയും 12ാം ക്ലാസ് പാഠ്യപദ്ധതിയുടെയും ബുദ്ധിമുട്ട് ലെവൽ പരിശോധിക്കും. 12ം ക്ലാസിലെ സിലബസും ജെ.ഇ.ഇ, നീറ്റ് പരീക്ഷകളുടെ ചോദ്യങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുള്ളതായി ചില കോച്ചിങ് സെന്ററർ അധ്യാപകരും രക്ഷിതാക്കളും പരാതിയുന്നയിച്ചിരുന്നു. അതിനാൽ പലപ്പോഴും പരീക്ഷയിൽ മികച്ച റാങ്ക് നേടാൻ വിദ്യാർഥികൾക്ക് കോച്ചിങ് സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നു.
പാനലിന്റെ ഫീഡ്ബാക്ക് അനുസരിച്ച് പരീക്ഷകളുടെ ബുദ്ധിമുട്ട് ലെവൽ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂണിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോച്ചിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഡമ്മി സ്കൂളുകളുടെ ആവിർഭാവത്തെയും പ്രവേശന പരീക്ഷകളുടെ ഫലങ്ങളെയും കുറിച്ച് പരിശോധിക്കാൻ ഒമ്പതംഗ പാനലിനെ നിയമിച്ചത്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയാണ് പാനലിന്റെ തലവൻ. കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ വിദ്യാർഥികൾക്ക് എൻട്രൻസ് പരീക്ഷകൾ പാസാകാൻ കഴിയുന്ന രീതിയിലുള്ള നടപടികൾക്കാണ് പാനൽ ശിപാർശ നൽകുക എന്നും റിപ്പോർട്ടുണ്ട്.
അടുത്തിടെ പല കോച്ചിങ് സെന്ററുകളെ കുറിച്ചും ആരോപണങ്ങളുയർന്നിരുന്നു. രാജസ്ഥാനിലെ കോട്ടപോലുള്ള എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികൾ പഠന സമ്മർദം താങ്ങാനാവാതെ ജീവനൊടുക്കുന്ന വാർത്തകളും പുറത്തുവരികയുണ്ടായി.
സി.ബി.എസ്.ഇ ചെയർമാൻ, സ്കൂൾ എജ്യൂക്കേഷൻ, ഹയർ എജ്യൂക്കേഷൻ ഡിപാർട്മെന്റുകളിലെ ജോയിന്റ് സെക്രട്ടറിമാർ, മദ്രാസ് ഐ.ഐ.ടി, കാൺപൂർ ഐ.ഐ.ടി, ട്രിച്ചി എൻ.ഐ.ടി, എൻ.സി.ഇ.ആർ.ടി പ്രതിനിധികൾ,കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ എന്നിവരും പാനലിലുണ്ട്.
വിദ്യാർഥികളുടെ വിവിധ കരിയറുകൾ, കോച്ചിങ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്നതിലെ പ്രശ്നങ്ങൾ, സ്കൂളുകളിൽ കരിയർ കൗൺസലിങ് സേവനം എന്നിവയെ കുറിച്ചും പാനൽ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

