പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകളുമായി കേരള കേന്ദ്ര സര്‍വകലാശാല
text_fieldsകാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിന് കീഴില്‍ ബി.എസ്.സി (ഓണേഴ്) ബയോളജി, കോമേഴ്‌സ് ആൻഡ് ഇന്‍റര്‍നാഷണല്‍ ബിസിനസ് വകുപ്പിന് കീഴില്‍ ബി കോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന് കീഴില്‍ ബി.സി.എ (ഓണേഴ്‌സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും മൂന്നാം വര്‍ഷം ബിരുദവും നേടാന്‍ സാധിക്കും. മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വര്‍ഷം പഠിക്കുകയാണെങ്കില്‍ ഡിഗ്രി ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദമാണ് ലഭിക്കുക. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാല്‍ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷന്‍ നേടാനും കഴിയും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാണിജ്യ മേഖല കണക്കിലെടുത്താണ് ബി.കോം. (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ് പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. ഫിനാന്‍സ്, ഡാറ്റാ സയന്‍സ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്സുകള്‍ വിപണികള്‍ പ്രവചിക്കുന്നതിനും, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തണ്‍, പവര്‍ ബിഐ, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാബേസുകള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം നല്‍കുന്നു.
ബിസിഎ (ഓണേഴ്സ്) പ്രോഗ്രാം ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് വിദ്യാര്‍ത്ഥികളെ മികച്ച ടെക് പ്രൊഫഷണലുകളാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്നു. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, എഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കരിയര്‍ കണ്ടെത്താനും കഴിയും.
ബിഎസ്‌സി (ഓണേഴ്സ്) ബയോളജി പ്രോഗ്രാം സുവോളജി, മോളിക്യുലാര്‍ ബയോളജി, എന്‍വിയോണ്‍മെന്റല്‍ ബയോളജി, ജീനോമിക്‌സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ് എന്നീ പ്രധാന മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ബയോടെക് ക്ലസ്റ്ററുകള്‍, എന്‍വിയോണ്‍മെന്റല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പൊതുജനാരോഗ്യം, അക്കാദമിക് ഗവേഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാർഥികള്‍ക്ക് കരിയര്‍ കണ്ടെത്താം.
ആഗോള തലത്തില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ക്ക് അനുസൃതമായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന തരത്തിലാണ് പ്രോഗ്രാമുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു.
വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. പങ്കെടുത്തവര്‍ സര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന നാല് വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമും സര്‍വകലാശാല നടത്തുന്നുണ്ട്. എന്‍ഇപി 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല നേരത്തെ തന്നെ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം (ഐടെപ്) ആരംഭിച്ചിരുന്നു. ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

