Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര സർവകലാശാലകൾ...

കേന്ദ്ര സർവകലാശാലകൾ കാത്തിരിക്കുന്നു; സി.യു.ഇ.ടി (പി.ജി) മാർച്ചിൽ

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

കേന്ദ്ര സർവകലാശാലകളിലും മറ്റും ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി (പി.ജി 2026) മാർച്ചിൽ നടത്തും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ ചുമതല. ഇന്ത്യക്ക് അകത്തും പുറത്തും 292 നഗരങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ 157 വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവും. രണ്ട് നഗരങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.

പരീക്ഷാ വിജ്ഞാപനവും വിവരണപത്രികയും ഔദ്യോഗിക വെബ്സൈറ്റുകളായ www.nta.ac.in, https://exams.nta.nic.in/cuet-pg/ൽ ലഭ്യമാണ്. ബിരുദാനന്തര പ്രോഗ്രാമുകളും വിഷയങ്ങളും ചോദ്യപേപ്പർ കോഡുകളും അടങ്ങിയ പട്ടിക വിവരണ പത്രികയിലുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന പി.ജി കോഴ്സുകൾക്കനുയോജ്യമായ ചോദ്യപേപ്പർ കോഡുകൾ തിരഞ്ഞെടുത്ത് അപേക്ഷിക്കാം.

യോഗ്യത: ബാച്ചിലേഴ്സ് ബിരുദം. 2026ൽ അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ വിവരണ പത്രികയിലുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യപേപ്പറുകൾ. എന്നാൽ, എം.ടെക്/ ഹയർ സയൻസസ്, ലിംഗ്വിസ്റ്റിക് പേപ്പറുകൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും. മറ്റ് ഭാഷ പേപ്പറുകൾ ബന്ധപ്പെട്ട ഭാഷയിൽതന്നെയാവും. ഓരോ ചോദ്യപേപ്പറിലും 75 ചോദ്യങ്ങളുണ്ടാവും. സമയം പരമാവധി 90 മിനിറ്റ്.

അപേക്ഷാ ഫീസ്: രണ്ട് ടെസ്റ്റ് പേപ്പറുകൾക്ക് ജനറൽ വിഭാഗത്തിൽപെടുന്നവർക്ക് 1400 രൂപ. അധിക ഓരോ പേപ്പറിനും 700 രൂപ. ഒ.ബി.സി നോൺക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് യഥാക്രമം 1200/600 രൂപ. എസ്.സി, എസ്.ടി/തേർഡ് ജൻഡർ 1100/600 രൂപ. ഭിന്നശേഷിക്കാർക്ക് 1000/600 രൂപ. ഇന്ത്യക്ക് പുറത്ത് 7000/3500 രൂപ. ഓൺലൈനിൽ ജനുവരി 14 വരെ അപേക്ഷിക്കാം. അപേക്ഷയിൽ തെറ്റുള്ളപക്ഷം ജനുവരി 18-20 വരെ തിരുത്തുന്നതിന് സൗകര്യമുണ്ടാവും.

എന്തുകൊണ്ട് സി.യു.ഇ.ടി

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലകളിൽ, തുച്ഛമായ ഫീസിൽ പഠിക്കാൻ അവസരമൊരുക്കുന്ന പരീക്ഷയാണ് സി.യു.ഇ.ടി പി.ജി. ജെ.എൻ.യു, ഇഫ്ളു, പോണ്ടിച്ചേരി, ഹൈദരബാദ്, ഡൽഹി, അലിഗഢ്, ബനാറസ് തുടങ്ങിയ പ്രശസ്തമായ നിരവധി കേന്ദ്ര സർവകലാശാലകളിലേക്കുള്ള ഏകജാലക പ്രവേശന പരീക്ഷയാണിത്. 2022ന് മുമ്പ് വരെ ഓരോ സർവകലാശാലക്കും അവരുടെ പ്രവേശന പരീക്ഷയും പ്രവേശന രീതിയുമായിരുന്നു. എന്നാൽ ഇന്ന്, ഈ ഒറ്റ പരീക്ഷയിലൂടെ നിങ്ങൾക്ക് 150ൽ അധികം സർവകലാശാലകളിലേക്ക് അപേക്ഷിക്കാം.

വർഷത്തിൽ 5,000 രൂപ മുതൽ 15,000 രൂപ വരെ മാത്രം ഫീസ് നൽകി (ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ പലയിടത്തും ഇതിൽ നിൽക്കും) പഠിക്കാൻ കേന്ദ്ര സർവകലാശാലകൾ അവസരമൊരുക്കുന്നു. ഏറ്റവും മികച്ച അധ്യാപകർ, വൻ ലബോറട്ടറികൾ, 24 മണിക്കൂറും തുറക്കുന്ന ലൈബ്രറികൾ... പഠനത്തിന്റെ മുഖംതന്നെ മാറുന്ന അനുഭവമായിരിക്കും അത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ളവരുമായി ഇടപഴകുന്നത് വഴി ലഭിക്കുന്ന ‘എക്സ്പോഷർ’ ഒരു പ്രാദേശിക കോളജിലും നിങ്ങൾക്ക് കിട്ടില്ല.ഇവിടങ്ങളിൽ പഠിച്ചവർക്ക് ജോലി സാധ്യതയും കൂടുതലാണ്.

അപേക്ഷിക്കാൻ അവസാന ദിവസത്തേക്ക് കാത്തിരിക്കരുത്. അവസാന ദിവസങ്ങളിൽ സർവർ ഡൗൺ ആകുന്നത് പതിവാണ്. അതുകൊണ്ട് ജനുവരി ആദ്യവാരം തന്നെ അപേക്ഷ പൂർത്തിയാക്കുക. പരീക്ഷയെഴുതാൻ പ്രായപരിധിയില്ല. എന്നാൽ, നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സർവകലാശാലക്ക് ചിലപ്പോൾ പ്രായപരിധി ഉണ്ടാകാം. അതറിയാൻ സർവകലാശാലകളുടെ വെബ്സൈറ്റിൽ നോക്കണം.

പരീക്ഷക്ക് എങ്ങനെ ഒരുങ്ങാം?

  1. മാർച്ചിലാണ് പരീക്ഷ. ഇപ്പോൾ തന്നെ ചിട്ടയായി പഠിച്ചാൽ റാങ്ക് ഉറപ്പാണ്.
  2. ആദ്യം വെബ്സൈറ്റിൽ പോയി നിങ്ങളുടെ പേപ്പർ കോഡിന്റെ സിലബസ് ഡൗൺലോഡ് ചെയ്യുക. അത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
  3. നിങ്ങളുടെ ഡിഗ്രി സിലബസിലെ ടെക്സ്റ്റ് ബുക്കുകൾ തന്നെയാണ് ഇതിനും വേണ്ടത്. വേറെ ഗൈഡുകളുടെ പുറകെ പോകേണ്ട. അടിസ്ഥാന കാര്യങ്ങൾ വ്യക്തമായി പഠിക്കുക.
  4. ഇത്തവണ ജനറൽ പേപ്പർ ഇല്ലാത്തതുകൊണ്ട് മുഴുവൻ സമയവും നിങ്ങളുടെ കോർ സബ്ജക്ട് പഠിക്കാൻ മാറ്റിവെക്കാം.
  5. കഴിഞ്ഞ മൂന്നു വർഷത്തെ ചോദ്യപേപ്പറുകൾ എൻ.ടി.എ വെബ്സൈറ്റിലുണ്ട്. ചോദ്യങ്ങളുടെ രീതി, കടുപ്പം എന്നിവ മനസ്സിലാക്കാൻ ഇത് സഹായിക്കും.
  6. ആഴ്ചയിൽ ഒരു തവണയെങ്കിലും ടൈം വെച്ച് (105 മിനിറ്റ്) മോക്ക് ടെസ്റ്റ് ചെയ്തു നോക്കണം. നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും. "അറിയില്ലെങ്കിൽ വിട്ടേക്കുക" എന്ന ശീലം ഇവിടെ വളർത്തണം.

പ്രവേശന പ്രക്രിയ

എൻ.ടി.എ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിനുശേഷം, നമ്മൾ തെരഞ്ഞെടുത്ത ഓരോ സർവകലാശാലയും പ്രത്യേകം അപേക്ഷ ക്ഷണിക്കും. ആ സമയത്ത് ആ സർവകലാശാലയടെ വെബ്സൈറ്റിൽ പോയി സി.യു.ഇ.ടി സ്കോർ വെച്ച് രജിസ്റ്റർ ചെയ്യണം. അവർ ആ അപേക്ഷകളിൽ നിന്ന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കി പ്രവേശനം നൽകും. അതുകൊണ്ട്, പരീക്ഷ കഴിഞ്ഞാലും എൻ.ടി.എ വെബ്സൈറ്റും സർവകലാശാല വെബ്സൈറ്റുകളും സ്ഥിരമായി നോക്കണം.

കോഴ്സുകളും പേപ്പർ കോഡുകളും

സി.യു.ഇ.ടിയിൽൽ കോഴ്സുകളെ തിരിച്ചറിയുന്നത് കോഡുകളിലൂടെയാണ്. തെറ്റായ കോഡ് തിരഞ്ഞെടുത്താൽ നിങ്ങളുടെ അവസരം നഷ്ടപ്പെടും. ഓരോ സർവകലാശാലയും ഓരോ കോഴ്സിനും ഏത് പേപ്പറാണ് വേണ്ടതെന്ന് അവരുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ടാകും. അത് പരിശോധിച്ച് ഉറപ്പുവരുത്തുക. പ്രവേശനമാഗ്രഹിക്കുന്ന സർവകലാശാലകളിലെ പ്രോഗ്രാമുകൾക്ക് അനുയോജ്യമായ നാല് ചോദ്യപേപ്പർ കോഡുകൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷിക്കുമ്പോൾ താല്പര്യമുള്ള എല്ലാ സർവകലാശാലകളും ടിക്ക് ചെയ്യാം. എത്രയധികം വാഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നുവോ അത്രയും അവസരം കൂടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universityentrance examCareer And Education NewsCUET PG
News Summary - Central universities are waiting; CUET (PG) in March
Next Story