29ന് നടത്താനിരുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള യംഗ് അച്ചീവേഴ്സ് സ്കോളർഷിപ് പരീക്ഷ കേന്ദ്രം റദ്ദാക്കി
text_fieldsന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഏർപ്പെടുത്തിയ യംഗ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്‍റെ പരീക്ഷ റദ്ദാക്കി. പരീക്ഷക്ക് പകരം എട്ട്, പത്ത് ക്ലാസുകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി യോഗ്യരായവർക്ക് സ്കോളർഷിപ്പ് നൽകുമെന്നാണ് പുതിയ അറിയിപ്പ്. ഈ വരുന്ന വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷക്കായി തയാറെടുപ്പ് നടത്തിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയായി.
ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ), ഡി.എൻ.ടി വിഭാഗങ്ങളിലെ ഒമ്പതിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് 'പ്രധാനമന്ത്രി യംഗ് അച്ചീവേഴ്സ് സ്കോളർഷിപ്' (PM Young Achievers Scholarship Award Scheme for Vibrant India -PM YASASVI) നൽകിവന്നത്. വാർഷിക വരുമാനം 2.5 ലക്ഷം വരെയുള്ള രക്ഷിതാക്കളുടെ മക്കൾക്കായിരുന്നു സ്കോളർഷിപ്പ്.
30,000 സ്കോളർഷിപ്പുകളാണ് സാമൂഹികനീതി മന്ത്രാലയം നൽകുന്നത്. സ്കോളർഷിപ്പിന് അർഹത നേടുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പഠനത്തിനായി വർഷം 75,000 രൂപ വരെയും പ്ലസ് വൺ വിദ്യാർഥിക്ക് വർഷം 1,25,000 രൂപ വരെയുമാണ് ലഭിക്കുക.
മുൻ വർഷങ്ങളിലെല്ലാം പ്രത്യേക പരീക്ഷ നടത്തിയാണ് സ്കോളർഷിപ്പ് ജേതാക്കളെ തെരഞ്ഞെടുത്തിരുന്നത്. ഈ വർഷവും പരീക്ഷക്ക് അപേക്ഷകൾ ക്ഷണിക്കുകയും പരീക്ഷ തിയതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 29നാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി വിദ്യാർഥികൾ തയാറെടുപ്പും നടത്തിയിരുന്നു.
പരീക്ഷ റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. കുട്ടികൾക്ക് അധികഭാരം സൃഷ്ടിക്കും എന്നതാണ് പരീക്ഷ റദ്ദാക്കാനുള്ള കാരണമായി പറയുന്നത്. പരീക്ഷക്ക് പകരം എട്ടാം ക്ലാസിലും പത്താം ക്ലാസിലും നേടിയ മാർക്കിന്‍റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകുമെന്നാണ് അറിയിപ്പ്. 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് ദേശീയ സ്കോളർഷിപ് പോർട്ടലിലൂടെ അപേക്ഷിക്കാമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അതേസമയം, വിദ്യാർഥികൾ എല്ലാ തയാറെടുപ്പും നടത്തി കാത്തിരിക്കെ മൂന്ന് ദിവസം മുമ്പ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്കോളർഷിപ്പുകൾ ഇല്ലാതാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പരീക്ഷ ഒഴിവാക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി വിദ്യാർഥികൾ ഈ പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു. ഇതിനായി പുസ്തകങ്ങൾ വാങ്ങുകയും പ്രത്യേക പരിശീലന ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

