തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ഐ.എ.എസ് കോച്ചിങ് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം
text_fieldsRepresentational Image
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ ആകർഷിക്കുന്ന 20 യു.പി.എസ്.സി കോച്ചിങ് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ കമീഷൻ അന്വേഷണം. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവരുടെ പേരും ചിത്രങ്ങളും ഉദ്യോഗാർഥികളെ ആകർഷിക്കാൻ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതായി കമീഷൻ വിലയിരുത്തി. നാല് കോച്ചിങ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചമുത്തിയിട്ടുണ്ട്.
യു.പി.എസ്.സി പരീക്ഷ ഫലം പുറത്തുവരുമ്പോൾ വിജയികളുടെ ചിത്രങ്ങൾ സഹിതം കോച്ചിങ് സ്ഥാപനങ്ങൾ പരസ്യം നൽകാറുണ്ട്. എന്നാൽ, ഒരേ ആളുകൾ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയിൽ പല സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുകയാണ്.
ഓരോ വർഷവും ശരാശരി 900 ആളുകളാണ് യു.പി.എസ്.സി പരീക്ഷ പാസ്സാകുന്നത്. എന്നാൽ, തങ്ങളുടെ കീഴിൽ പഠിച്ച ഉദ്യോഗാർഥികൾ എന്ന നിലയ്ക്കുള്ള സ്ഥാപനങ്ങളുടെ പരസ്യം കണക്കുകൂട്ടിയാൽ ഇതിലേറെ പേരെ കാണാനാകുമെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. ഒരേ റാങ്ക് ജേതാവിനെ വെച്ച് വിവിധ സ്ഥാപനങ്ങൾ പരസ്യം ചെയ്യുകയാണ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമീഷൻ വ്യക്തമാക്കി.
ഒരേ വ്യക്തി വിവിധ സ്ഥാപനങ്ങളിൽ പല വിഷയങ്ങൾക്ക് പരിശീലനം നേടുന്ന സാഹചര്യമുണ്ടാകാം. അങ്ങനെയെങ്കിൽ പരസ്യം നൽകുമ്പോൾ അക്കാര്യം വ്യക്തമാക്കണമെന്നും കമീഷൻ പറഞ്ഞു.
റാവുസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ, ചഹൽ അക്കാഡമി, ഇഖ്റ ഐ.എ.എസ്, ഐ.എ.എസ് ബാബ എന്നീ സ്ഥാപനങ്ങൾക്കാണ് ഒരു ലക്ഷം വീതം പിഴയിട്ടത്. വാജിറാവു ആൻഡ് റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ട്, ചാഹൽ അക്കാദമി, ഖാൻ സ്റ്റഡി ഗ്രൂപ്പ് ഐ.എഎ.സ്, എ.പി.ടി.ഐ പ്ലസ്, അനലോഗ് ഐ.എഎ.സ്, ശങ്കർ ഐ.എഎ.സ്, ശ്രീറാംസ് ഐ.എഎ.സ്, ബൈജുസ് ഐ.എഎ.സ്, അൺഅകാദമി, നെക്സ്റ്റ് ഐ.എഎ.സ്, ദൃഷ്ടി ഐ.എഎ.സ്, ഇഖ്റ ഐ.എഎ.സ്, വിഷൻ ഐ.എഎ.സ്, ഐ.എഎ.സ് ബാബ, യോജന ഐ.എഎ.സ്, പ്ലൂട്ടസ് ഐ.എഎ.സ്, എ.എൽ.എസ് ഐ.എഎ.സ്, റാവുസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ, ദിഷ്തി ഐ.എ.എസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചതായി ഉപഭോക്തൃ കമീഷൻ ചെയർപേഴ്സൻ നിധി ഖാരെ പറഞ്ഞു.
ഉപഭോക്തൃ കമീഷന്‍റെ കണക്ക് പ്രകാരം ഇന്ത്യയിൽ 58,088 കോടി രൂപയാണ് പരീക്ഷ പരിശീലന സ്ഥാപനങ്ങളുടെ വിപണി മൂല്യം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് വർഷം തോറും ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

