Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇയുടെ ‘സൈബർ...

സി.ബി.എസ്.ഇയുടെ ‘സൈബർ ഹൈജീൻ സർട്ടിഫിക്കറ്റ് കോഴ്സ്’; വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാകണം

text_fields
bookmark_border
Cyber security
cancel

ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ സൈബർ ഹൈജീൻ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ കാമ്പയിൻ ആരംഭിക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ). ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിങ്, കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗ്രൂമിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്കൂളുകളിൽ സൈബർ സുരക്ഷാ ബോധവത്കരണം ശക്തമാക്കാനാണ് സി.ബി.എസ്.ഇയുടെ പുതിയ നിർദേശം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററുമായി (ഐ​4സി) സഹകരിച്ചാണ്​ ബോധവത്കരണ കാമ്പയിൻ.

സി.ബി.എസ്.ഇയുടെ സർക്കുലർ പ്രകാരം, വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ 2.5 മണിക്കൂർ ദൈർഘ്യമുള്ള ഐ4സിയു​ടെ സൈബർ ഹൈജീൻ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കണം. ഐ4സിയുടെ വെബ്സൈറ്റായ i4c.mha.gov.inന്റെ ഹോംപേജിൽ കോഴ്സ് വിവരങ്ങൾ ലഭ്യമാകും.

വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമായ ഈ കോഴ്‌സിലൂടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കൽ, സുരക്ഷ, ഫിഷിങ് തട്ടിപ്പുകൾ തിരിച്ചറിയൽ, സോഷ്യൽ മീഡിയ സുരക്ഷ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സാമ്പത്തിക ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. വിദ്യാർഥികൾ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, സർക്കാർ ജീവനക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങി ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്കൂളുകൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

സർക്കുലറിൽ സ്കൂളുകൾക്ക് നിരവധി നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

  • എല്ലാ സ്കൂളുകളിലും സൈബർ ക്ലബ്ബുകൾ രൂപീകരിക്കുക
  • എല്ലാ മാസവും ആദ്യ ബുധനാഴ്ച ‘സൈബർ ജാഗ്രത ദിവസ്’ ആയി ആചരിക്കുക
  • പ്രസംഗം, ക്വിസ്, പോസ്റ്റർ മത്സരം, സംവാദം, പ്രതിജ്ഞാ പരിപാടി, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുക
  • വാർഷികാഘോഷങ്ങൾ, പി.ടി.എ യോഗങ്ങൾ, പ്രത്യേക ക്യാമ്പുകൾ എന്നിവയിൽ സൈബർ സുരക്ഷാ സന്ദേശങ്ങൾ ഉൾപ്പെടുത്തുക
  • സ്കൂൾ വെബ്സൈറ്റുകളിലും പോർട്ടലുകളിലും സൈബർ സുരക്ഷാ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുക

രക്ഷിതാക്കൾക്കും പ്രത്യേക നിർദേശങ്ങൾ

വിദ്യാർഥികൾ മാത്രമല്ല, രക്ഷിതാക്കളും സൈബർ സുരക്ഷയിൽ പങ്കാളികളാകണമെന്ന് സി.ബി.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി:

  • സൈബർ സുരക്ഷ പ്രതിജ്ഞ വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കാനും രക്ഷിതാക്കളുടെ ഒപ്പുകൾ വാങ്ങാനും സ്കൂളുകളോട് നിർദേശിച്ചിട്ടുണ്ട്.
  • ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ദോസ്ത് ബോധവത്കരണ പ്ലാറ്റ്ഫോം പിന്തുടരാൻ പ്രോത്സാഹിപ്പിക്കണം
  • കുട്ടികൾക്കായി സൈബർ കുറ്റകൃത്യ ബോധവത്കരണ കോമിക് പുസ്തകങ്ങൾ, സൈബർ ബോധവത്കരണത്തിനായി വിവിധ ഗെയിമുകൾ തുടങ്ങിയവ നൽകണം

എന്തുകൊണ്ടാണ് ഈ നീക്കം?

ഇന്റർനെറ്റ് ഉപയോഗം വ്യാപകമായതോടെ കുട്ടികൾ നിരവധി ഡിജിറ്റൽ ഭീഷണികൾ നേരിടുന്നുണ്ടെന്ന് സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ ഗെയിമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപരിചിതരുമായി ബന്ധപ്പെടൽ, വ്യാജ ലിങ്കുകൾ, ഒ.ടി.പി തട്ടിപ്പുകൾ, വ്യാജ ജോലി-സ്കോളർഷിപ്പ് ഓഫറുകൾ, സൈബർ ബുള്ളിയിങ് തുടങ്ങിയവ കുട്ടികളെയും കുടുംബങ്ങളെയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ വളർത്താനുമാണ് ഈ ദേശീയ ബോധവത്കരണ പരിപാടിയുടെ ലക്ഷ്യം.

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരതയും ഉത്തരവാദിത്ത സാങ്കേതിക ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളെ പരീക്ഷകളിൽ മികവ് നേടുന്നവരായി മാത്രമല്ല, സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റൽ പൗരന്മാരാക്കി വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സി.ബി.എസ്.ഇയും ഐ4സിയും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEStudentsCyber Crimenational education policy 2020Certificate CourseCyber ​​Security
News Summary - CBSEs Cyber Hygiene Certificate Course
Next Story