ഏപ്രിലിനുമുമ്പ് ക്ലാസ്: താക്കീതുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: ഏപ്രിൽ ഒന്നിന് മുമ്പ് ക്ലാസുകൾ തുടങ്ങുന്ന സ്കൂളുകൾക്ക് താക്കീതുമായി സി.ബി.എസ്.ഇ. ഇത് കുട്ടികളിൽ അനാവശ്യ ആശങ്കയും ഭയവും സൃഷ്ടിക്കുമെന്ന് ബോർഡ് അഭിപ്രായപ്പെട്ടു.
പല സ്കൂളുകളും പത്ത്, 12 ക്ലാസുകൾ ഇതിനകം തുടങ്ങിയ കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അറിയിപ്പ്. ഒരു വർഷത്തേക്കുള്ള രീതിയിലാണ് കോഴ്സ് വർക് തയാറാക്കിയിട്ടുള്ളത്. ഇത് ചുരുങ്ങിയ കാലയളവിൽ തീർക്കുന്നത് കുട്ടികളുടെ പഠന പ്രക്രിയയെ ബാധിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കി. അക്കാദമിക് സെഷൻ നേരത്തേയാക്കുന്നത് ജീവിതപാഠങ്ങൾ സ്വായത്തമാക്കൽ, മൂല്യബോധനം, ആരോഗ്യ-കായിക പഠനം, സമൂഹ സേവനം തുടങ്ങിയവക്കൊന്നും വിദ്യാർഥികൾക്ക് സമയം ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസ് മുറിയിലെ പഠനം പോലെ പ്രാധാന്യമുള്ളതാണെന്നും സെക്രട്ടറി തുടർന്നു.