പ്ലസ്ടു പുനർമൂല്യനിർണയം; വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നേരിട്ടതായി സി.ബി.എസ്.ഇ, നീക്കം പ്രതിരോധിച്ചു
text_fieldsന്യൂഡൽഹി: പ്ലസ്ടു പുനർമൂല്യനിർണയ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നേരിട്ടതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ. സേവനം തടസപ്പെടുത്താൻ ശ്രമം നടന്നുവെന്നും എന്നാൽ, അതിനെ പ്രതിരോധിച്ചെന്നും സി.ബി.എസ്.ഇ അറിയിച്ചു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന സൈബർ സുരക്ഷ സംഘം പങ്കുവെച്ച ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലസ്ടു പുനർമൂല്യനിർണയ പോർട്ടൽ വഴി ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിവരെ 16,000ത്തിലധികം വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിച്ചു. രണ്ട് മിനിറ്റിനുള്ളിൽ പോർട്ടലിൽ ഏകദേശം 15 ലക്ഷം ഹിറ്റുകളുണ്ടായി. ഫയലുകളിലേക്ക് അനധികൃതമായി പ്രവേശനം നേടാനുള്ള ഒരു ലക്ഷത്തിലധികം ശ്രമങ്ങളും കണ്ടെത്തി. എന്നാൽ, ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായും പോർട്ടൽ പ്രവർത്തനക്ഷമമായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. കേന്ദ്രീകൃതമായാണ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടത്തിയതെന്നും സി.ബി.എസ്.ഇ ആരോപിച്ചു.
പുനർമൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് ചൊവ്വാഴ്ച പുലർച്ചയോടെയാണ് പ്രവർത്തനക്ഷമമായത്. ഈ മാസം ആറ് വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. തിങ്കളാഴ്ച മുതൽ വെബ്സൈറ്റിലൂടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. എന്നാൽ, സാങ്കേതിക തകരാർ കാരണം പോർട്ടൽ തുറക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച പുലർച്ചയോടെ സൈറ്റ് പ്രവർത്തനക്ഷമമായെങ്കിലും ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാൻ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു. അപേക്ഷ എങ്ങനെ നല്കാം എന്ന് വിശദീകരിക്കുന്ന വിഡിയോ സി.ബി.എസ്.ഇ പുറത്തിറക്കിയിരുന്നു. പുനർമൂല്യനിർണയത്തിനും മാർക്ക് പരിശോധനക്കും അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ ലിങ്ക് ലഭിക്കും.
പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർഥികളിൽ നാലു ലക്ഷത്തിലേറെപ്പേരും മാർക്ക് കുറഞ്ഞതിനാൽ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനക്കായി വാങ്ങിയിരുന്നു. ഉത്തരക്കടലാസുകളുടെ സ്കാനിങ്ങിലെ പിഴവും മൂല്യനിർണയത്തിലെ അപാകതയുമെല്ലാം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരായ കടുത്ത വിമർശനത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

