ഒടുവിൽ സി.ബി.എസ്.ഇ വഴങ്ങി; കാണാതായ പ്ലസ് ടു പരീക്ഷാ പേപ്പർ വിദ്യാർഥിക്ക് തിരികെ ലഭിച്ചു
text_fieldsന്യൂഡൽഹി: പ്ലസ് ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാപക അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് കാണാതായ പരീക്ഷ പേപ്പർ തിരികെ നൽകി സി.ബി.എസ്.ഇ. ഡൽഹിയിലെ താനിഷ്‍ക് വത്സന്റെ കാണാതായ ബയോളജി പരീക്ഷയുടെ ഉത്തക്കടലാസാണ് തിരികെ ലഭിച്ചത്.
സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാവുകയും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് സി.ബി.എസ്.ഇ അധികൃതരുടെ നടപടി. പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനായി ആറ് വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് താനിഷ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.ബി.എസ്.ഇ അഞ്ച് വിഷയങ്ങളുടെ പകർപ്പുകൾ മാത്രം നൽകുകയും ബയോളജി ഉത്തരക്കടലാസ് ഒഴിവാക്കുകയുമായിരുന്നു. ഇതോടെ പുനർമൂല്യനിർണ്ണയ പ്രക്രിയകൾ തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി താനിഷ്‌കും പിതാവ് സച്ചിനും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
പരീക്ഷാഫലം വന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് തങ്ങൾ നേരിട്ടതെന്ന് താനിഷ്‌കിന്റെ പിതാവ് സച്ചിൻ പറഞ്ഞു. തുടക്കത്തിൽ വിദ്യാർഥിക്ക് ലഭിച്ച മാർക്ക് ലിസ്റ്റിൽ വിഷയങ്ങൾ തിരിച്ചുള്ള മാർക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല. കേവലം സബ്ജക്ട് കോഡുകളും ഗ്രേഡുകളും മാത്രമാണ് ഇതിലുണ്ടായിരുന്നത്. മാർക്ക് ലിസ്റ്റിന്റെ താഴെ ഫലം പിന്നീട് എന്ന റിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഫലം പ്രക്രിയയിലാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് സി.ബി.എസ്.ഇ ഇതിന് നൽകുന്ന വിശദീകരണം.
തുടർന്ന് അപാകത പരിഹരിക്കാൻ സ്കൂളിലും സി.ബി.എസ്.ഇ ഒഫീസിലും ദിവസങ്ങളോളം കയറിയിറങ്ങിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പിതാവ് ആരോപിച്ചു. പരീക്ഷാഫലം വന്ന് അഞ്ച് ദിവസത്തിന് ശേഷം, മേയ് 18-ഓടെ സി.ബി.എസ്.ഇ പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകിയെങ്കിലും പ്രശ്നം അവിടെയും തീർന്നില്ല. ആറ് വിഷയങ്ങളുടെയും ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കായി കുടുംബം അപേക്ഷിച്ചപ്പോഴാണ് ബയോളജി ഉത്തരക്കടലാസ് മാത്രം കാണാതായത് അറിയുന്നത്.
പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ ആറിന് അവസാനിക്കാനിരിക്കെ, പ്രധാന വിഷയത്തിന്റെ ഉത്തരക്കടലാസ് ലഭിക്കാത്തത് വിദ്യാർഥിയുടെ ഉപരിപഠന സാധ്യതകളെപ്പോലും ആശങ്കയിലാക്കിയെന്നും പിതാവ് പറഞ്ഞു. തുടർന്ന് വിദ്യാർഥിയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു.
വിഷയം വാർത്തയായതോടെ സി.ബി.എസ്.ഇ അധികൃതർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. വിദ്യാർഥിയുടെ പരാതി പൂർണ്ണമായും പരിഹരിച്ചതായും, കാണാതായ ബയോളജി ഉത്തരക്കടലാസ് കൈമാറിയതായും അധികൃതർ സ്ഥിരീകരിച്ചു. പരീക്ഷാ ഫല പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ തിരുത്തിയ മാർക്ക് ലിസ്റ്റ് നൽകിയിരുന്നുവെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

