സി.ബി.എസ്.ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്; ഓൺലൈൻ അപേക്ഷ ഒക്ടോബർ 18നകം
text_fieldsസി.ബി.എസ്.ഇ 2023 വർഷത്തെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷത്തെ സ്കോളർഷിപ് പുതുക്കുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം https://cbse.gov.in/scholarshipൽ ലഭ്യമാണ്. ഓൺലൈനായി ഒക്ടോബർ 18 വരെ അപേക്ഷ സമർപ്പിക്കാം. രണ്ടുവർഷത്തേക്കാണ് സ്കോളർഷിപ്. പ്രതിമാസം 500 രൂപ വീതം ലഭിക്കും.
യോഗ്യത: കുടുംബത്തിലെ ഒറ്റ പെൺകുട്ടിയായിരിക്കണം. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ ആദ്യത്തെ അഞ്ച് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ച് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്നവരാകണം. 10ാം ക്ലാസിലെ പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപയിൽ കവിയരുത്. 11, 12 ക്ലാസുകളിലെ ട്യൂഷൻ ഫീസിൽ 10 ശതമാനം വർധനയാകാം. എൻ.ആർ.ഐക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീസ് പ്രതിമാസം 6000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഭാരത പൗരന്മാർക്കാണ് സ്കോളർഷിപ്പിന് അർഹത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്നവരാകണം.
കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കുന്നതിന് 11ാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ളവർക്കാണ് അവസരം.
സ്കോളർഷിപ്പിന് ഒക്ടോബർ 18 വരെ ഓൺലൈനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്കൂൾ അധികാരികൾ പരിശോധിച്ച് അർഹരായവരുടെ ലിസ്റ്റ് ഒക്ടോബർ 25നകം സി.ബി.എസ്.ഇക്ക് നൽകണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ഒറ്റ പെൺകുട്ടി സ്കോളർഷിപ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തിൽ ലഭിക്കുന്ന മറ്റാനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ വിലക്കൊന്നുമില്ല. സ്കോളർഷിപ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

