ഗ്രേസ് മാർക്ക് ലഭിക്കുമെന്ന ശബ്ദ സന്ദേശം വ്യാജമെന്ന് സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: 12ാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പറിൽ പിഴവുള്ളതിനാൽ ഗ്രേസ് മാർക്ക് ലഭിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് സി.ബി.എസ്.ഇ. ഗ്രേസ് മാർക്ക് നൽകാൻ ബോർഡ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, സന്ദേശം വിശ്വസിച്ച് വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും അഭ്യർഥിച്ചു.
പരീക്ഷ കൺട്രോളറെ ഉദ്ധരിച്ചാണ് ആറു മാർക്ക് വരെ അധികം കിട്ടുമെന്നുള്ള ശബ്ദസന്ദേശം പ്രചരിക്കുന്നത്. ഈ മാസം 13നായിരുന്നു അക്കൗണ്ടൻസി ആദ്യ ടേം പരീക്ഷ. '28 മുതൽ 31 വരെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരമെഴുതിയാൽ 38 മാർക്കിനടുത്ത് ലഭിക്കും. ആറ് മാർക്ക് വരെ അധികമായും കിട്ടും' എന്നാണ് പരീക്ഷ കൺട്രോളറുടെ പേരിലെ വ്യാജസന്ദേശം.
സി.ബി.എസ്.ഇ പത്താംക്ലാസ് ടേം പരീക്ഷയിൽ ഉന്നയിച്ച സ്ത്രീ വിരുദ്ധ ചോദ്യം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. സ്ത്രീകൾക്ക് ലഭിച്ച സ്വാതന്ത്ര്യം കൂടുതൽ സാമൂഹിക-കുടുംബ പ്രശ്നങ്ങൾക്ക് കാരണമായി എന്നായിരുന്നു സി.ബി.എസ്.ഇ പരീക്ഷയിലെ വിവാദ ചോദ്യം.