സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ജൂലൈയിൽ നടത്തിയേക്കും
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്വത്തിലായ 2021ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വർഷത്തേതുപോലെ ജൂലൈയിൽ നടത്തിയേക്കും. പരീക്ഷ റദ്ദാക്കേണ്ടെന്ന് ഉന്നതതല യോഗത്തിൽ ധാരണയായതായി അറിയുന്നു. പരീക്ഷ തീയതി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ നിശാങ്ക് ജൂൺ ഒന്നിന് പ്രഖ്യാപിക്കും. കോവിഡ് സുരക്ഷ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്.
പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ പരീക്ഷ നടത്തുക, അല്ലെങ്കിൽ എല്ലാ പരീക്ഷയും ഒന്നര മണിക്കൂറായി ചുരുക്കി നടത്തുക എന്നീ നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചു. ഇതിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്താനായില്ല. ഇതേതുടർന്ന് ഇൗയാഴ്ചക്കകം വിശദ മറുപടി നൽകാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും ജൂൺ ഒന്നിന് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിലായിരുന്നു ഞായറാഴ്ച ഉന്നതതല യോഗം ചേർന്നത്. പരീക്ഷ നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനങ്ങൾ രംഗത്തുവന്നു.
മഹാരാഷ്ട്രയും പരീക്ഷക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം, തമിഴ്നാട്, കർണാടക, ഹിമാചൽപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചു.

