പ്ലസ് ടു പുനർമൂല്യ നിർണയം; 99.7 ശതമാനവും പൂർത്തിയാക്കിയതായി സി.ബി.എസ്.ഇ, ബാക്കി ഫലങ്ങൾ ഉടൻ
text_fieldsന്യൂഡൽഹി: പ്ലസ് ടു പുനർ മൂല്യനിർണയത്തിന്റെ 99.7 ശതമാനവും പൂർത്തിയാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ). ജൂൺ 21 മുതൽ പുനർമുല്യ നിർണയ ഫലങ്ങൾ വിവിധ ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചതായും നിലവിൽ അവസാന ഘട്ടത്തിലാണെന്നും ബോർഡ് അറിയിച്ചു.
ബാക്കിയുള്ള ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പുനർമൂല്യ നിർണയ ഫലങ്ങൾ സി.ബി.എസ്.ഇ വെബ്സൈറ്റിൽ ലഭ്യമാകും. മുൻ വർഷത്തെ അപേക്ഷിച്ച് പുനർമൂല്യ നിർണയ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും സി.ബി.എസ്.ഇ അവകാശപ്പെട്ടു. പുനർ മൂല്യ നിർണയത്തിന്റെ സമഗ്രതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി മദ്രാസ്, ഡിജിറ്റൽ ഇന്ത്യ കോർപറേഷൻ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഓൺസ്ക്രീൻ മാർക്കിങ് സംവിധാനം നടപ്പിലാക്കിയതെന്നും ബോർഡ് അറിയിച്ചു.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതോടെ പുനർമൂല്യ നിർണയ ഫലം വൈകുന്നത് വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി യു.ജി പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടും പ്ലസ്ടു പുനർമൂല്യ നിർണയ ഫലത്തിനായി 20,000ത്തിൽ അധികം വിദ്യാർഥികൾ കാത്തിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, വിദ്യാർഥികളും രക്ഷിതാക്കളും ഔദ്യോഗിക അപ്‌ഡേറ്റുകളെ മാത്രം ആശ്രയിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സി.ബി.എസ്.ഇ അറിയിച്ചു.
2025 -26 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ സംവിധാനവും മൂല്യനിർണയത്തിലെ അപാകതകളും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ മാറി ലഭിച്ചതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നുവന്നതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാകുകയായിരുന്നു. കൂടാതെ ഫീസ് അടച്ചിട്ടും പലർക്കും ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിച്ചില്ല. ഔദ്യോഗിക വെബ്സൈറ്റിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്നും വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഇതിനുപിന്നാലെ, മൂല്യനിർണയ പ്രവർത്തനങ്ങൾക്കായി ‘കോംപ്റ്റ്’ എന്ന സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

