സി.ബി.എസ്.ഇ ഇംപ്രൂവ്മെന്റ്, കംപാർട്ട്മെന്റ് പരീക്ഷ 16 മുതൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ഇംപ്രൂവ്മെന്റ്, കംപാർട്ട്മെന്റ് പരീക്ഷകൾ ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. ഇംഗ്ലീഷ് കോർ, ഫിസിക്കൽ എജ്യുക്കേഷൻ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ബയോളജി, ഇക്കണോമിക്സ് സോഷ്യോളജി, ഐപി, കമ്പ്യൂട്ടർ സയൻസ്, ഗണിതം, ഹിന്ദി, ജ്യോഗ്രഫി, ൈസക്കോളജി, ഹോം സയൻസ്, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ.
10, 12 ക്ലാസുകളിലെ പ്രൈവറ്റ്, പത്രചാർ, കമ്പാർട്ട്മെന്റ് സെക്കൻഡ് ചാൻസ് എന്നിവർക്കും പരീക്ഷകൾ നടത്തും. ടൈംടേബ്ൾ ഉടൻ പ്രസിദ്ധീകരിക്കും. കമ്പാർട്ട്മെന്റ് വിദ്യാർഥികൾ മാത്രമേ പരീക്ഷാഫീസ് നൽകേണ്ടതുള്ളൂവെന്നും സി.ബി.എസ്.ഇ വിജ്ഞാപനത്തിൽ അറിയിച്ചു. ചുരുക്കിയ സിലബസിൽ അനുസരിച്ചായിരിക്കും പരീക്ഷ. മാതൃകാ ചോദ്യപേപ്പറുകൾ ബോർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ പോർട്ടൽ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും.
ജൂലൈ 30നായിരുന്നു സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. കോവിഡ് കാരണം വാർഷിക പരീക്ഷ നടത്തിയിരുന്നില്ല. പകരം, 10, 11 ക്ലാസ് പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് മാർക്ക് നൽകിയിരുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

