കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്തു.
ആകെ ഒഴിവിെൻറ നാലു ശതമാനമായിരിക്കും സംവരണമെന്ന് സെനറ്റ് യോഗത്തില്‍ തീരുമാനമായി. 2017 ഏപ്രില്‍ 18 മുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും. 1996 മുതലുള്ള മൂന്നു ശതമാനം ബാക്ലോഗ് ഒഴിവുകളും നികത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല ഭിന്നശേഷി സംവരണത്തില്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിെൻറ നിര്‍ദേശപ്രകാരമാണിത്.
സർവകലാശാല പഠന വകുപ്പുകളിലെ നിയമനങ്ങളില്‍ കോടതി വിധിക്കും സര്‍ക്കാര്‍ നിയമങ്ങള്‍ക്കും അനുസരിച്ച് ഭിന്നശേഷി വിഭാഗക്കാരുടെ ബാക്ക് ലോഗ് നികത്തുമെന്ന് അലി നൗഫലിെൻറ ചോദ്യത്തിന് മറുപടിയായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
അതേസമയം, ബധിര മൂകവിഭാഗത്തിലുള്ളവര്ക്ക് സര്‍വകലാശാലയുടെ സമിതികളില്‍ അംഗത്വം നിഷേധിക്കുന്ന നിയമം തുടരുകയാണ്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗൺസില്‍, ഫാക്കല്റ്റികള്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, സ്റ്റുഡൻറ് കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി, മറ്റു സമിതികള്‍ എന്നിവിടങ്ങളിലെല്ലാം ബധിര- മൂക വിഭാഗത്തിന് അയിത്തമാണുള്ളത്. ഇക്കാര്യം നേരത്തേ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എയ്ഡഡ് കോളജിലെ അധ്യാപകര്‍ക്ക് രജിസ്ട്രാര്‍ പദവിയിലെത്താമെന്ന ചട്ടവും സെനറ്റ് അംഗീകരിച്ചു. രജിസ്ട്രാറായ സി.എല്‍. ജോഷി എയ്ഡഡ് കോളജായ തൃശൂര്‍ സെൻറ് തോമസ് കോളജിലെ അധ്യാപകനായിരുന്നു. കാലിക്കറ്റിെൻറ പരിധിയിലുള്ള കോളജിലെ മാനേജറാണ് അദ്ദേഹത്തിെൻറ നിയമന അധികാരി. നിലവിലെ നിയമം അനുസരിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരാണ് ഡെപ്യൂട്ടേഷനിലൂടെ രജിസ്ട്രാറാകുന്നത്.
സി.എല്‍. ജോഷി എയ്ഡഡ് കോളജ് അധ്യാപകനായതിനാല്‍ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സെനറ്റ് അംഗം സി. രാജേഷ് ഹൈകോടതിയില്‍ കേസ് കൊടുത്തിരുന്നു. കേസ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് ഒൗട്ട്ഓഫ് അജണ്ടയായി വിഷയം സെനറ്റില്‍ അവതരിപ്പിച്ചത്.
സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യാത്ത ഭേദഗതി സെനറ്റില്‍ പാസാക്കുന്നതിെൻറ സാധുത യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്ചോദ്യംചെയ്തു. ഗവണ്‍മെൻറ് ഓര്‍ഡിനന്‍സിലൂടെ സര്‍വകലാശാലകളുടെ രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയ സ്റ്റ്യാറ്റ്യൂട്ടറി പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ കാലാവധി നാലു വര്‍ഷമോ 56 വയസ്സോ ഏതാണ് നേരത്തേ എങ്കില്‍ അതുവരെയാക്കിയ ഭേദഗതി സര്‍വകലാശാല ചട്ടത്തിലുൾപ്പെടുത്തി. പ്രായപരിധിക്കകത്ത് രണ്ടു തവണ വരെ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം.
35,058 ബിരുദം, 350 ബിരുദാനന്തര ബിരുദം, 1 എം.ഫില്‍, 91 ഡോക്ടറേറ്റുകള്‍, 8 ഡിപ്ലോമകള്‍ ഉള്‍പ്പെടെ 35,512 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്കി. വൈസ്ചാന്‍സലറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്.