ഗ്രേഡ് കാര്‍ഡിനും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനുമായി എത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ച് കാലിക്കറ്റ് പരീക്ഷ ഭവന്‍
text_fieldsതേഞ്ഞിപ്പലം: ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ബിരുദ പരീക്ഷ ഗ്രേഡ് കാര്‍ഡിനും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനുമായി എത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ ഭവന്‍. കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാകാത്തവരും പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളും വീണ്ടും പരീക്ഷ എഴുതി വിജയിച്ച ശേഷം ഗ്രേഡ് കാര്‍ഡിനും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനുമായി വ്യാഴാഴ്ച ഒന്നിച്ചെത്തുകയായിരുന്നു.
തുടര്‍ച്ചയായി നാലുദിവസത്തെ അവധിക്കൊടുവില്‍ പരീക്ഷ ഭവനിലെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ വലഞ്ഞു. മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിങ് ചെയ്യുന്ന തിരക്കായതിനാല്‍ പുതുക്കിയ ഗ്രേഡ് കാര്‍ഡുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും നേരിട്ട് നല്‍കാനാകില്ലെന്ന് പരീക്ഷഭവന്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായത്. ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രം പുതുക്കിയ ഗ്രേഡ് കാര്‍ഡുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും നേരിട്ട് നല്‍കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും കിട്ടിയില്ല.
തപാല്‍ മുഖേന അയച്ചുതരാമെന്ന ഉറപ്പില്‍ തപാല്‍ ചാര്‍ജ് കൂടി അടപ്പിച്ച് വിദ്യാര്‍ഥികളെ പരീക്ഷഭവന്‍ അധികൃതര്‍ മടക്കി അയച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.എസ്സി, ബി.ബി.എ തുടങ്ങിയ പരീക്ഷകളുടെ ഫലം പരീക്ഷഭവന്‍ പ്രസിദ്ധീകരിച്ചത്. പി.ജി പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ക്ക് ഗ്രേഡ് കാര്‍ഡും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
ഒരു ബ്രാഞ്ചിലേക്ക് തന്നെ 500ഓളം വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ പരീക്ഷഭവന്‍ ജീവനക്കാര്‍ക്ക് സേവനം അതേദിവസം തന്നെ ലഭ്യമാക്കാനായില്ല. വിദ്യാര്‍ഥികള്‍ ഒരുമിച്ചെത്തുമെന്നത് മുന്നില്‍ കണ്ട് സജ്ജീകരണങ്ങള്‍ ഒരുക്കാത്തതാണ് ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയത്. തപാല്‍ മാര്‍ഗം പുതുക്കിയ ഗ്രേഡ് കാര്‍ഡും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുമ്പോഴേക്കും പി.ജി പ്രവേശന സമയം തീരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

