തലയെണ്ണൽ ഇന്ന്; സ്കൂളുകളിൽ കണക്കെടുക്കുന്നത് ആറാം പ്രവൃത്തി ദിനത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് ആധാരമായ കുട്ടികളുടെ എണ്ണം ശേഖരിക്കുന്ന ആറാം പ്രവൃത്തി ദിനം ഇന്ന്. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ വെബ്പോർട്ടൽ വഴി ഓൺലൈനായാണ് ശേഖരിക്കുന്നത്.
ഇന്ന് വൈകീട്ട് അഞ്ചു വരെ മാത്രമായിരിക്കും കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. മുൻകാലങ്ങളിൽ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ എണ്ണം പരിശോധിക്കുന്ന ‘തലയെണ്ണൽ’ രീതിയാണ് പിന്നീട് ആധാർ അധിഷ്ഠിത ഓൺലൈൻ വിവരശേഖരണത്തിലേക്ക് മാറിയത്.
ഇന്ന് വൈകീട്ട് അഞ്ചിനു ശേഷം സമ്പൂർണയിൽ വരുത്തുന്ന മാറ്റങ്ങൾ തസ്തിക നിർണയത്തിനായി പരിഗണിക്കില്ല. വിവരങ്ങളുടെ ആധികാരികത പ്രധാനാധ്യാപകൻ യു.ഐ.ഡി വാലിഡേഷൻ ലിങ്ക് മുഖേന പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം ആറാം പ്രവൃത്തിദിന റിപ്പോർട്ട് സബ്മിറ്റ് ചെയ്യേണ്ടത്.
പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാർക്കും, എ.ഇ.ഒ/ഡി.ഇ.ഒ മാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ജില്ല ഉപഡയറക്ടർമാർക്കും ജില്ല ഉപഡയറക്ടർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്കും നൽകും.
എൽ.പി തലത്തിൽ അധിക ഭാഷ (അറബി/കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ് ക്ലാസുകളിൽ പാർട്ട് ഒന്ന്, രണ്ട് -മലയാളം, അറബിക്, സംസ്കൃതം, ഉർദു, തമിഴ്, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തണം.
തെറ്റായതോ, അപൂർണമായതോ ആയ വിവരങ്ങൾ നൽകിയതുമൂലം ഡിവിഷൻ/തസ്തിക കൂടുന്നതോ നഷ്ടപ്പെടുന്നതോ ആയ സാഹചര്യം വന്നാൽ ഉത്തരവാദി പ്രധാനാധ്യാപകനായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ആധാറില്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് പരിഗണിക്കില്ല
തിരുവനന്തപുരം: ആധാർ (യു.ഐ.ഡി) ഇല്ലാത്ത കുട്ടികളുടെ എണ്ണം തസ്തിക നിർണയത്തിന് പരിഗണിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. ഇതിന്റെ മറവിൽ വ്യാജമായ പ്രവേശനം നടത്തി തസ്തികയുണ്ടാക്കാനുള്ള ശ്രമം തടയാൻ വേണ്ടിയാണിത്.
ആറാം പ്രവൃത്തി ദിനത്തിൽ റോളിലുള്ള എല്ലാ കുട്ടികൾക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകൻ പ്രത്യേക ശ്രദ്ധ ചെലുത്തണം. എന്നാൽ, യു.ഐ.ഡി ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും അവകാശപ്പെട്ട സ്കൂൾ പ്രവേശനം നിഷേധിക്കില്ല. ആധാറില്ലാത്ത കുട്ടികളുടെ എണ്ണവും തസ്തിക നിർണയത്തിന് പരിഗണിക്കണമെന്ന് വിവിധ അധ്യാപക സംഘടനകൾ ആവശ്യമുയർത്തിയിരുന്നു.
അല്ലാത്ത പക്ഷം തസ്തിക നഷ്ടം സംഭവിക്കുകയും അതുവഴി അധ്യാപകർക്ക് ജോലി നഷ്ടം സംഭവിക്കുമെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആധാറിന് അപേക്ഷ നൽകിയിട്ടും ലഭിക്കാത്ത ഒട്ടേറെ വിദ്യാർഥികളുണ്ടെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.