ബി.എസ്സി നഴ്സിങ്; ഈ വർഷവും പ്രവേശന പരീക്ഷ ഇല്ല
text_fieldsതിരുവനന്തപുരം: ബി.എസ്സി നഴ്സിങ് പ്രവേശനത്തിന് ഈ വർഷവും പ്രവേശന പരീക്ഷ ഇല്ല. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പ്രവേശന പരീക്ഷ വേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് പ്ലസ് ടു ഫലം അടിസ്ഥാനപ്പെടുത്തി പ്രോസ്പെക്ടസും വിജ്ഞാപനവും തയാറാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിർദേശം നൽകിയത്. ഇതിന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതോടെ, അലോട്ട്മെന്റ് ചുമതലയുള്ള എൽ.ബി.എസ് പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചു.
നഴ്സിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ ഏർപ്പെടുത്താൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദേശമുണ്ട്. ചുരുക്കം സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയെങ്കിലും നിർബന്ധമാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞ് കേരളത്തിൽ നടപ്പാക്കിയിട്ടില്ല. പ്രവേശന പരീക്ഷ ഏർപ്പെടുത്തുന്നത് ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലിലാണ് തൽക്കാലം പ്രവേശന പരീക്ഷ വേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.
തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ നടപ്പാക്കിയിട്ടില്ല. പ്രവേശന പരീക്ഷ നടപ്പാക്കുന്നത് സ്വകാര്യ കോച്ചിങ് സെന്ററുകൾക്ക് നേട്ടമുണ്ടാക്കാനുള്ള വഴി തുറന്നുവെക്കുമെന്നും ഫലത്തിൽ ഇത് ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ബാധിക്കുകയെന്നും സർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷവും നഴ്സിങ് പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചന നടത്തുകയും വേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു.
ഏകപക്ഷീയമായി നഴ്സിങ് വിജ്ഞാപനം; സ്വന്തം നിലക്ക് പ്രവേശനത്തിന് മാനേജ്മെന്റുകൾ
തിരുവനന്തപുരം: ചർച്ച നടത്താതെ ബി.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ സീറ്റുകളിലേക്കും നേരിട്ട് പ്രവേശനം നടത്താൻ സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകളുടെ തീരുമാനം.
പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനും (പി.എൻ.സി.എം.എ.കെ) ക്രിസ്ത്യൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമാണ് സർക്കാർ അലോട്ട്മെന്റ് സ്വീകരിക്കാതെ സ്വന്തം നിലക്ക് പ്രവേശനം നടത്താൻ യോഗം ചേർന്ന് തീരുമാനിച്ചത്. കഴിഞ്ഞ വർഷം വരെ 50 ശതമാനം സീറ്റിലേക്കും സർക്കാറിന് വേണ്ടി എൽ.ബി.എസും 50 ശതമാനം സീറ്റിലേക്ക് മാനേജ്മെന്റുകളുമാണ് പ്രവേശനം നടത്തിയിരുന്നത്.
പ്രവേശന നടപടികൾ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി. സജിയും സെക്രട്ടറി അയിര ശശിയും കുറ്റപ്പെടുത്തി.
സർക്കാർ നിർദേശപ്രകാരം ഏകപക്ഷീയമായാണ് ബി.എസ്സി നഴ്സിങ് കോഴ്സിലേക്ക് കഴിഞ്ഞ ദിവസം എൽ.ബി.എസ് പ്രവേശന വിജ്ഞാപനമിറക്കിയത്. സ്വാശ്രയ നഴ്സിങ് കോളജുകളുടെ അഫിലിയേഷൻ പുതുക്കുന്നതിനുള്ള അപേക്ഷയിൽ ആരോഗ്യ സർവകലാശാലയും കേരള നഴ്സിങ് കൗൺസിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. നടപടികൾ ഒന്നും പൂർത്തിയാക്കാതെ പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ അതുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

