ജിപ്മെറിൽ ബി.എസ്.സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ
text_fieldsകേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) 2023-24 വർഷത്തെ ബി.എസ്.സി നഴ്സിങ്, ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.jipmer.edu.inൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 5 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസിൽ മെഡിക്കൽ ലബോറട്ടറി സയൻസ് (BMLS), അനസ്തേഷ്യ ടെക്നോളജി, ഓപ്ടോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറപ്പി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ബ്ലഡ് ബാങ്കിങ്), മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോ തെറപ്പി ടെക്നോളജി എന്നീ 11 കോഴ്സുകളിലാണ് പ്രവേശനം.
ബി.എസ്.സി നഴ്സിങ് കോഴ്സിൽ 94 സീറ്റുകളുണ്ട് (വനിതകൾ 85, പുരുഷന്മാർ 9). കാലാവധി 4 വർഷം (ഇതിൽ 24 ആഴ്ചത്തെ പെയിഡ് ഇന്റേൺഷിപ് അടങ്ങിയിട്ടുണ്ട്). ബി.എം.എൽ.എസ് കോഴ്സിൽ 37 സീറ്റുകളാണുള്ളത്. മറ്റെല്ലാ കോഴ്സുകളിലും 5 സീറ്റുകൾ വീതം. ഇന്റേൺഷിപ് ഉൾപ്പെടെ നാലുവർഷമാണ് കോഴ്സ് കാലാവധി.
ദേശീയതലത്തിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഭാരതീയർക്കാണ് അവസരം. നാഷനൽ ടെസ്റ്റിങ് ഏൻസിയുടെ ‘നീറ്റ്-യു.ജി 2023’ൽ യോഗ്യത നേടിയിരിക്കണം. 2023 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി & സുവോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

