ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിലൂടെ അയച്ച സംഭവത്തിൽ 17കാരൻ പിടിയിൽ. തമിഴ്നാട്ടിലെ സേലം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ഉൾപ്പെടുന്ന മെയിൽ ഭോപ്പാലിലെ 11 സ്കൂളുകളിലേക്കാണ് വിദ്യാർഥി അയച്ചത്. അതേസമയം, ഇ-മെയിൽ അയച്ചത് വിദ്യാർഥിയാണോ എന്ന കാര്യത്തിൽ പൊലീസ് സംശയം പ്രകടിപ്പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവരങ്ങൾ വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഇന്‍റർനെറ്റിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്‍റെ സഹായത്തിലാണ് മെയിലുകൾ അയച്ചത്. ചില സ്റ്റാർട്ടപ്പുകളുടെ ഭാഗമായാണ് 17കാരൻ ഇ-മെയിലുകൾ അയക്കുന്നതിനുള്ള ബോട്ടുകൾ നിർമിച്ചതെന്നും ഇവ 200 ഡോളറിന് മറ്റുള്ളവർക്ക് കൈമാറി പണം സ്വരൂപിച്ചതായും വിദ്യാർഥി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.
"നിങ്ങളുടെ സ്കൂളിൽ ഉഗ്രശേഷിയുള്ള രണ്ട് ബോംബുകൾ ഉണ്ട്, ഉടൻ പൊലീസിനെ വിളിക്കുക. ഇതൊരു തമാശയല്ല, ഞാൻ ആവർത്തിക്കുന്നു, ഇത് തമാശയല്ല. നൂറുകണക്കിന് ജീവിതങ്ങൾ മരണത്തിന്റെ തുലാസിൽ തൂങ്ങിക്കിടക്കുന്നു. സമയമുള്ളതിനാൽ വേഗത്തിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ എല്ലാം അവസാനിപ്പിക്കും. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പറയരുത്. ഇപ്പോൾ എല്ലാം നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു." -ഇതായിരുന്നു മെയിലിലെ ഭീഷണി സന്ദേശം.
12-ാം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളിലേക്കാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.