ബംഗളൂരു സർവകലാശാല മാർക്ക് വിവാദം: 804 വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പിന്‍വലിക്കും
text_fieldsബംഗളൂരു: ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ സ്വകാര്യ സ്ഥാപനം കൃത്രിമം കാണിച്ച സംഭവത്തെ തുടർന്ന് 804 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് റദ്ദാക്കാൻ തീരുമാനം. 804 വിദ്യാര്‍ഥികളും അവരുടെ മാര്‍ക്ക് കാര്‍ഡുകള്‍ തിരികെ അതത് കോളജ് അധികൃതര്‍ക്ക് നല്‍കണം.
മാര്‍ക്ക് കാര്‍ഡുകള്‍ ഇപ്പോഴും കോളജുകളുടെ കൈവശമാണ് ഉള്ളതെങ്കില്‍ കോളജ് ഭരണാധികാരികൾ ഉടന്‍തന്നെ കാര്‍ഡുകള്‍ തിരികെ സര്‍വകലാശാലയെ ഏൽപിക്കണം. വിദ്യാര്‍ഥികള്‍ക്കും അതത് കോളജുകള്‍ക്കും ഇതുസംബന്ധിച്ച നോട്ടീസ് അയക്കാനും സംഭവത്തില്‍ സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആഭ്യന്തര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.
സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്യുവാന്‍ നിയോഗിച്ചിരുന്ന ഒരു പ്രമുഖ സ്ഥാപനത്തിനെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരുകയാണ്.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഒപ്ടിക്കല്‍ മാര്‍ക്ക് റീഡര്‍ (ഒ.എം.ആര്) ഉപയോഗിച്ച് പരിശോധിച്ച് മാര്‍ക്ക് രേഖപ്പെടുത്താന്‍ നിയോഗിച്ച സ്ഥാപനം വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയെന്നാണ് പരാതി. സര്‍വകലാശാലയിലെ ചില ജീവനക്കാരുടെ സഹായവും മാര്‍ക്ക് തിരുത്തലിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെൻറ മാപ്പപേക്ഷ സ്ഥാപനമുടമ സര്‍വകലാശാലക്ക് സമര്‍പ്പിച്ചു. ചില ഉന്നതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 2019 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന പരീക്ഷയില്‍ 15 വിദ്യാർഥികളുടെ മാര്‍ക്കുകളില്‍ ക്രമക്കേട് വരുത്തിയതെന്നാണ് ഇയാള്‍ മാപ്പപേക്ഷയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ സ്ഥാപനം നടപടിയെടുത്തതായും സര്‍വകലാശാലയുടെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സ്ഥാപനമുടമ അറിയിച്ചു.
2018 മുതല്‍ ആരോപണവിധേയമായ സ്ഥാപനമാണ് സര്‍വകലാശാലയിലെ യു.ജി, പി.ജി. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നത്. ഇതുവരെ പരിശോധിച്ചതില്‍ 804 വിദ്യാര്‍ഥികളുടെ മാര്‍ക്കിലാണ് കൃത്രിമം കണ്ടെത്തിയതെങ്കിലും കൂടുതല്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കുകളില്‍ തട്ടിപ്പ് നടന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

