നന്നായി ഒരുങ്ങൂ; നിഫ്റ്റിൽ സീറ്റുറപ്പിക്കാം
text_fieldsബി.ഡെസ് (നിഫ്റ്റ് മുംബൈ),
എം.ഡെസ് (എൻ.ഐ.ഡി ബംഗളൂരു)
ഫാഷൻ ഡിസൈൻ പ്രഫഷൻ ആക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നസ്ഥാപനമാണ് നാഷനൽ ഇൻസ്റ്റ്യൂട്ട് ഫാഷൻ ടെക്നോളജി എന്ന നിഫ്റ്റ്. ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ 1986ൽ സ്ഥാപിച്ച നിഫ്റ്റിന് ഇപ്പോൾ കണ്ണൂർ പറശ്ശിനിക്കടവിൽ അടക്കം ഇന്ത്യയിൽ 19 കാമ്പസുകളാണുള്ളത്. ഡിഗ്രിക്കും പി.ജിക്കുമായി 4,837 സീറ്റുകളുണ്ട്. കേരളത്തിൽനിന്ന് ഈയിടെയായി ധാരാളം വിദ്യാർഥികൾ നിഫ്റ്റ് കാമ്പസുകളിൽ പ്രവേശനം നേടുന്നുണ്ട്. ഈ മേഖലയിൽ കരിയർ ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രതിഭകളുടെ വലിയൊരു നിര ദേശീയതലത്തിൽ പങ്കെടുക്കുന്ന പ്രവേശന മത്സരമാണെങ്കിലും നന്നായി ശ്രമിച്ചാൽ വിജയം ഉറപ്പിക്കാം. ഈ വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവർ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന പരീക്ഷക്കുള്ള തയാറെടുപ്പിലാണിപ്പോൾ.
രണ്ട് റൗണ്ടുകളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി എന്നീ നാല് വർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് പ്ലസ് ടു ഏത് സ്ട്രീം എടുത്ത് പഠിച്ചവർക്കും അപേക്ഷിക്കാം. ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സുകൾക്ക് ഫാഷൻ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ ആക്സസറി ഡിസൈൻ, നിറ്റ് വെയർ ഡിസൈൻ, ലെതർ ഡിസൈൻ എന്നീ ബ്രാഞ്ചുകളാണുള്ളത്.
ക്രിയേറ്റീവായ വിദ്യാർഥികൾക്ക് ശരിയായി പരിശീലിച്ച് പഠിച്ചാൽ പ്രവേശന പരീക്ഷ പാസാകാൻ കഴിയും. പ്രവേശന പരീക്ഷയുടെ ഒന്നാം ഘട്ടം രാവിലെയും ഉച്ചക്കുമായി രണ്ട് ഭാഗങ്ങളായാണ് നടത്തുന്നത്. രണ്ട് മണിക്കൂർ നീളുന്ന ഒബ്ജെക്ടീവ് ചോദ്യങ്ങളടങ്ങിയ 100 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഒന്നാം ഭാഗം. ജനറൽ ഏബിലിറ്റി ടെസ്റ്റ് (ജി.എ.ടി) എന്നാണ് ഈ ഭാഗത്തെ പറയുന്നത്.
മാത്സ്, ലോജിക്കൽ റീസണിങ്, ഇംഗ്ലീഷ്, ജനറൽ നോളജ്, കറന്റ് അഫയേഴ്സ് തുടങ്ങി വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടാകും. മാത്സ് ചോദ്യങ്ങൾ ഹൈസ്കൂൾ നിലവാരത്തിലുള്ളതായിരിക്കും. മുടങ്ങാത്ത പത്രവായനയിലൂടെ ലഭിക്കുന്ന അറിവുകൾ ഈ പരീക്ഷയിൽ ഏറെ ഗുണം ചെയ്യും. വസ്ത്രവ്യവസായങ്ങളെ കുറിച്ചുള്ള അറിവും ചരിത്രവും പരമ്പരാഗത കരകൗശലങ്ങളെക്കുറിച്ചും വ്യത്യസ്ത കലാരൂപങ്ങളെ കുറിച്ചുമുള്ള അറിവുകൾ കൂടുതൽ മാർക്കുകൾ ലഭിക്കാൻ സഹായിക്കും.
മൂന്ന് മണിക്കൂർ നീളുന്ന ക്രിയേറ്റീവ് ഏബിലിറ്റി ടെസ്റ്റ് ( സി.എ.ടി) എന്ന രണ്ടാം ഭാഗത്ത് വിദ്യാർഥികളുടെ സർഗശക്തിയും ഡിസൈൻ നൈപുണ്യവും പരിശോധിക്കാൻ ഉതകുന്ന മൂന്നോ നാലോ ചോദ്യങ്ങൾക്ക് ചിത്രരചനയിലൂടെയാണ് ഉത്തരം നൽകേണ്ടത്. കളർ സൈക്കോളജി, കോമ്പോസിഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള പ്രൊഡക്ട് ഡിസൈൻ ചോദ്യങ്ങളെയായിരിക്കും വിദ്യാർഥികൾ അഭിമൂഖീകരിക്കേണ്ടത്.
ആദ്യഘട്ടത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് രണ്ടാം ഘട്ടമായ സിറ്റുവേഷൻ ടെസ്റ്റിന് പരിഗണിക്കുക.
രണ്ടാം ഘട്ടപരീക്ഷയിൽ അധികൃതർ നൽകുന്ന സാധനസാമഗ്രികൾ ( കാർഡ് ബോർഡ്, കളർ പേപ്പർ ഐസ്ക്രീം സ്റ്റിക്ക്, സ്ട്രോ, ക്ലേ, കോട്ടൺ) ഉപയോഗിച്ച് തന്നിട്ടുള്ള വിഷയത്തിന്റെ അടിസ്ഥാനത്തിൽ ത്രീഡി മോഡലുകൾ നിർമിക്കണം. രണ്ടോ മൂന്നോ ചോദ്യങ്ങളുണ്ടാകും. വിദ്യാർഥികൾ നിർമിച്ച മോഡലിനെക്കുറിച്ച് ലഘുവായി എഴുതി നൽകുകയും വേണം.
നിഫ്റ്റിന്റെ പി.ജി കോഴ്സിന് ഏത് വിഷയത്തിൽ ത്രിവൽസര ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) , മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ് ടെക്) എന്നീ കോഴ്സുകളാണുള്ളത്. എം ഡെസ്, എം.എഫ്.ടെക് കോഴ്സുകളുടെ പ്രവേശനത്തിനും സി.എ.ടിയും ജി.എ.ടിയും ഉണ്ടായിരിക്കും ഇവരിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖം നടത്തിയാണ് പ്രവേശനം നൽകുന്നത്. എം.എഫ്.എം കോഴ്സ് പ്രവേശനത്തിന് ജി.എ.ടിക്കുശേഷം അഭിമുഖവും ഗ്രൂപ് ചർച്ചകളുമുണ്ടാകും..
ജി.എ.ടിയുടെ 30 ശതമാനം മാർക്കും സി.എ.ടിയുടെ 50 ശതമാനവും സിറ്റുവേഷൻ ടെസ്റ്റിന്റെ 20 ശതമാനവും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയാറാക്കുന്നത്. മികച്ച റാങ്ക് ലഭിക്കുന്നവർ കൂടുതലും ന്യൂഡൽഹി, മുംബൈ കാമ്പസുകൾക്കാണ് മുൻഗണന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

