ജുഡീഷ്യറി അധ്യായം തിരുത്തി; എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം ജൂൺ അവസാനത്തോടെ വിദ്യാർഥികളിലേക്കെത്തും
text_fieldsന്യൂഡൽഹി: ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടതിനെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസ് എൻ.സി.ഇ.ആർ.ടി സാമൂഹ്യശാസ്ത്ര പാഠപുസ്തകം തിരുത്തലുകൾക്ക് ശേഷം ജൂൺ അവസാനത്തോടെ വീണ്ടും വിദ്യാർഥികളിലേക്കെത്തും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെട്ട അധ്യായത്തിനെതിരെ സുപ്രീം കോടതി ശക്തമായ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് പുസ്തകം നേരത്തേ പിൻവലിച്ചത്.
‘എക്സ്‍പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുസ്തകത്തിലെ ജുഡീഷ്യറിയുടെ പങ്ക് വിശദീകരിക്കുന്ന അധ്യായത്തിൽ അഴിമതി, കേസുകളുടെ കെട്ടിക്കിടപ്പ് തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചിരുന്നു. നാലാം അധ്യായത്തിലെ പരാമർശങ്ങളെ തുടർന്ന് സുപ്രീംകോടതിയുടെ ഇടപെടലിൽ ഫെബ്രുവരിയിൽ പുസ്‍തകം നിരോധിച്ചു. ഉള്ളടക്കം ജുഡീഷ്യറിയെ ഏകപക്ഷീയമായി ചിത്രീകരിക്കുന്നതാണെന്ന വിലയിരുത്തലോടെ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയും എൻ.സി.ഇ.ആർ.ടിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് പുസ്തകത്തിന്റെ വിതരണം നിർത്തിവെക്കുകയും പുറത്തിറക്കിയ കോപ്പികൾ തിരിച്ചുവിളിക്കാനും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വിവാദത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് അധ്യായം പുനപരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ അധ്യായത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജുഡീഷ്യൽ അഴിമതിയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പരിഷ്‍കരിച്ച പതിപ്പിൽനിന്ന് നീക്കം ചെയ്തതായാണ് വിവരം.
നേരത്തേ, എൻ.സി.ഇ.ആർ.ടി പാഠപുസ്തക ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്ന് അധ്യാപകർക്കെതിരായ ഉത്തരവ് കോടതി പരിഷ്‍കരിച്ചിരുന്നു. പുസ്തകം തയാറാക്കിയ സമിതിയിലെ മൂന്ന് വിദഗ്ധരെ കരിമ്പട്ടികയിൽപെടുത്താനും സർക്കാർ സ്ഥാപനങ്ങളിൽനിന്നും സർവകലാശാലയിൽനിന്നും മാറ്റിനിർത്താനും ആവശ്യപ്പെടുന്ന ഉത്തരവാണ് കോടതി പരിഷ്കരിച്ചത്. പ്രഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്ന കുമാർ എന്നിവരെ അക്കാദമിക് പ്രൊജക്ടുകളിൽ നിന്ന് മാറ്റിനിർത്തണമെന്ന മുൻ ഉത്തരവ് സുപ്രീംകോടതി പരിഷ്‍കരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവ്വകലാശാലകൾക്കും ഈ വിദഗ്ദ്ധരുമായി സഹകരിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് കോടതി പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തേ, അച്ചടിച്ച 2.25ലക്ഷം കോപികളിൽ 38 എണ്ണം മാത്രമാണ് വിറ്റുപോയിരുന്നത്. സുപ്രുംകോടതി ഉത്തരവിട്ടതോടെ ഇവ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പുതുക്കിയ പുസ്തകം ജൂൺ മൂന്നാംവാരത്തോടെ സ്കൂളുകളിലെത്തും. സാമൂഹ്യശാസ്ത്ര പുസ്തകമൊഴികെ മറ്റ് പുസ്തകങ്ങളുടെ വിതരണം നേരത്തേ പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

