കരിയർ മേഖലയിലേക്ക് വാതിൽ തുറന്ന് 'അവനീർ 2022'
text_fieldsഇന്ത്യൻ സ്കൂൾ ബൗഷറിൽ ‘അവനീർ 2022’ കരിയർ ഗൈഡൻസിന് തുടക്കമായപ്പോൾ
മസ്കത്ത്: കരിയർമേഖലയുടെ പുതിയ വാതിലുകൾ തുറന്ന് 'അവനീർ 2022'ന് ഇന്ത്യൻ സ്കൂൾ ബൗഷറിൽ തുടക്കമായി. ഒമാൻ ഡെന്റൽ കോളജ് മസ്കത്ത് ഡീൻ ഡോ. നുതൈല അൽ ഹാർതി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. കോവിഡ് മാഹാമാരിക്ക് ശേഷം ഓഫ്ലൈനിലൂടെ നടക്കുന്ന പരിപാടിയായതുകൊണ്ട് വിദ്യാർഥികളടക്കം നിരവധിപേരാണ് കഴിഞ്ഞദിവസങ്ങളിൽ എത്തിയത്. വിദ്യാർഥികളെ ആഗോള പൗരന്മാരാക്കുകയും ഉന്നത വിദ്യാഭ്യാസം നേടുമ്പോൾ ശരിയായ തൊഴിൽപാത തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് 'അവനീർ 2022'ലൂടെ ലക്ഷ്യമിടുന്നത്.
കഴിവുകൾ കണ്ടെത്തി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. നുതൈല അൽ ഹർത്തി വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.
അവനീർ ആപിന്റെ ഉദ്ഘാടനവും ഡോ. നുതൈല അൽ ഹർത്തി നിർവഹിച്ചു. 17വരെ നടക്കുന്ന പരിപാടിയിൽ സയൻസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ നാല് പ്രധാന സ്ട്രീമുകളിൽ വിവിധ സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ വൈസ് ചെയർമാൻ സയ്യിദ് സൽമാൻ, ബോർഡ് ഓഫ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഗജേഷ് ധാരിവാൾ, ഇന്ത്യൻ സ്കൂൾ ബൗഷർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അജയൻ പൊയ്യാറ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, കൗൺസിലർമാർ, കോഓഡിനേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഗാനവും നൃത്തവും ചടങ്ങിന് നിറംപകർന്നു. പ്രിൻസിപ്പൽ ഡോ. ഭവേഷ് ഭലേറാവു അവനീർ 2022നെ കുറിച്ച് അവതരിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ കോ-കരിക്കുലർ ആൻഡ് കൾച്ചറൽ ഇവന്റുകളുടെ ചെയർപേഴ്സൻ ഡോ. ചന്ദൻ ജയസിംഹ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

