കൃഷി ശാസ്ത്രജ്ഞരാകാൻ എ.എസ്.ആർ.ബി വിളിക്കുന്നു
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ന്യൂഡൽഹിയിലെ അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് (എ.എസ്.ആർ.ബി ) 2025ലെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), അഗ്രികൾച്ചറൽ റിസർച് സർവിസ് (എ.ആർ.എസ്), സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (എസ്.എം.എസ്), സീനിയർ ടെക്നിക്കൽ ഓഫിസർ (എസ്.ടി.ഒ) സംയുക്ത പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
കാർഷിക അനുബന്ധ മേഖലകളിൽ കൃഷി ശാസ്ത്രജ്ഞരും അധ്യാപകരും സ്പെഷലിസ്റ്റുകളും ഓഫിസറുമൊക്കെയാവാനുള്ള അവസരമാണിത്. കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ രണ്ടു മുതൽ നാലു വരെയും കമ്പയിൻഡ് മെയിൻ (വിവരണാത്മകം) പരീക്ഷ ഡിസംബർ ഏഴിനും ദേശീയതലത്തിൽ നടത്തും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.asrb.org.inൽ. മേയ് 21 രാത്രി 11.59 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
● അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് ‘നെറ്റ്’ന് മാത്രം 1000 രൂപ. എ.ആർ.എസ്/എസ്.എം.എസ്/എസ്.ടി.ഒ 1000 രൂപ, നെറ്റ് വിത്ത് എ.ആർ.എസ്/എസ്.എം.എസ്/എസ്.ടി.ഒ 2000 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് യഥാക്രമം 500, 800, 1300 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/വനിതകൾ/ ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് 250, 250 രൂപ, (നെറ്റിന് മാത്രം ഫീസ് നൽകിയാൽ മതി). നെറ്റിന് പുറമെ എ.ആർ.എസ്/എസ്.എം.എസ്/എസ്.ടി.ഒ കോമ്പിനേഷനേതെങ്കിലും പരിഗണിക്കുന്നുണ്ടെങ്കിൽ മുൻഗണനാ ക്രമത്തിൽ ഒപ്ഷൻ അപേക്ഷയിൽ രേഖപ്പെടുത്തണം.
● നെറ്റ്: ഇന്ത്യയിലെ കാർഷിക സർവകലാശാലകളിൽ ലെക്ചറർ/ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിനായുള്ള യോഗ്യത നിർണയ പരീക്ഷയാണ് നെറ്റ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് എ.എസ്.ആർ.ബി ഡിജി ലോക്കർ ആപ് വഴി ‘നെറ്റ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
‘നെറ്റ്’ പരീക്ഷയിൽ അഗ്രികൾച്ചറൽ ബയോടെക്നോളജി, എന്റമോളജി, മൈക്രോ ബയോളജി, ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, പ്ലാന്റ് ബയോ കെമിസ്ട്രി, പ്ലാന്റ് പാതോളജി, പ്ലാന്റ് ഫിസിയോളജി, സീഡ് സയൻസ് ആൻഡ് ടെക്നോളജി, ഫ്രൂട്ട് സയൻസ്, വെജിറ്റബിൾ സയൻസ്, അനിമൽ ബയോ കെമിസ്ട്രി, അഗ്രിമൽ ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, അനിമൽ ഫിസിയോളജി, ഡെയറി കെമിസ്ട്രി, ഡെയറി ടെക്നോളജി, പോൾട്രി സയൻസ്, വെറ്ററിനറി മെഡിസിൻ, വെറ്ററിനറി സർജറി, അക്വികൾച്ചർ, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷ്ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, അഗ്രോ ഫോറസ്ട്രി അഗ്രോണമി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ സയൻസസ്, അഗ്രികൾച്ചറൽ ബിസിനസ് മാനേജ്മെന്റ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോം സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ഐ.ടി, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് ടെക്നോളജി, അഗ്രികൾച്ചറൽ ഫിസിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെക്സ്റ്റൈൽ മാനുഫാക്ചർ ആൻഡ് ടെക്നോളജി അടക്കം 60 വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്.ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് പങ്കെടുക്കാം. 30.09.2025നകം യോഗ്യത നേടാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. 1.1.2025ൽ 21 വയസ്സ് തികയണം. നെറ്റിന് ഉയർന്ന പ്രായപരിധിയില്ല.
എ.ആർ.എസ്: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൽ (ICAR) കൃഷി ശാസ്ത്രജ്ഞരെ നേരിട്ട് നിയമിക്കുന്നത് എ.ആർ.എസ് പരീക്ഷ വഴിയാണ്. ശമ്പള നിരക്ക് 57,700 -1,82,400 രൂപ. പ്രിലിമിനറി, മെയിൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി 1.8.25ൽ 21-32 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. 2025 സെപ്റ്റംബർ 30നകം മാസ്റ്റേഴ്സ് ബിരുദമെടുത്തിരിക്കണം. 458 ഒഴിവുകളുണ്ട്.
● എസ്.എം.എസ്, എസ്.ടി.ഒ: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റുകളെയും സീനിയർ ടെക്നിക്കൽ ഓഫിസറെയും നേരിട്ട്തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയാണിത്. 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ് നിയമനം. പ്രിലിമിനറി, മെയിൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി 21-35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ബന്ധപ്പെട്ട ഡിസിപ്ലിനിൽ 2025 സെപ്റ്റംബർ 30നകം മാസ്റ്റേഴ്സ് ബിരുദമെടുത്തിരിക്കണം. ഒഴിവുകൾ: എസ്.എം.എസ് 41, എസ്.ടി.ഒ 83.
പരീക്ഷാ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ പ്രിലിമിനറി പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷക്ക് തിരുവനന്തപുരം മാത്രവുമാണ് പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷയിൽയോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിലുള്ളവർ 67.5 (45ശതമാനം) മാർക്കും, ഇ.ഡബ്ല്യു എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് 60 (40 ശതമാനം), എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 52.5 (35 ശതമാനം) മാർക്കും കരസ്ഥമാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.