ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമം 12ന്
text_fieldsതിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രധാന പരിപാടികളിലൊന്നായ ഐ.ഇ.ഡി.സി ഉച്ചകോടിയുടെ എട്ടാം പതിപ്പ് 12 ന് രാവിലെ 11.00 ന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാർഥികളില്‍ നൂതനാശയ സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമായ ഐ.ഇ.ഡി.സി ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ആശയ സംവാദത്തിന് അവസരമൊരുക്കും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെ.എസ്.യു.എം) പദ്ധതിയായ ഇന്നവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ (ഐ.ഇ.ഡി.സി ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഐ.ഇ.ഡി.സി ഉച്ചകോടിയില്‍ മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും.സംസ്ഥാന ഐ.ടി-ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
വിദ്യാർഥികളുടേയും യുവസംരംഭകരുടേയും നവീന സംരംഭങ്ങള്‍ക്ക് പ്രചോദനമേകാന്‍ ഐ.ഇ.ഡി.സി ഉച്ചകോടി സഹായകമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. വിദ്യാർഥികളുടെ സാങ്കേതിക അറിവ് വര്‍ധിപ്പിക്കുക, നൈപുണ്യ വികസനം സുഗമമാക്കുക, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ ലക്ഷ്യമിടുന്ന ഉച്ചകോടിയിലൂടെ പുതുസംരംഭകരുടെ കാഴ്ചപ്പാട് വിശാലമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായുള്ള നേതൃത്വ ചര്‍ച്ചയില്‍ പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്‍റ് സൊസൈറ്റി സി.ഇ.ഒയുമായ പ്രശാന്ത് നായര്‍ സംസാരിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകത്വ സംസ്കാരം വളര്‍ത്തേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, ഉല്‍പ്പന്ന പ്രദര്‍ശനം, ഐഡിയത്തോണ്‍, തുടങ്ങി നിരവധി പരിപാടികള്‍ക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സി.ഇ.ടി പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജെ.എസ്, സി.ഇ.ടി റിസര്‍ച്ച് ഡീന്‍ ഡോ. സുമേഷ് ദിവാകരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ കലക്ടര്‍ ജെറോമിക് ജോര്‍ജ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഒ.ഒ ടോം തോമസ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

