എ.ഐ.സി.ടി.ഇ-പി.ജി (ഗേറ്റ്/സീഡ്) സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsഅഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) അംഗീകാരമുള്ള കോളജ്/സ്ഥാപനത്തിൽ ‘ഗേറ്റ്/സീഡ്’ സ്കോർ അടിസ്ഥാനത്തിൽ 2023-24 അധ്യയനവർഷം ME/MTech/M Arch/M.Des കോഴ്സുകളിൽ DBT മുഖാന്തരം ഒന്നാം വർഷം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ‘എ.ഐ.സി.ടി.ഇ-പി.ജി (ഗേറ്റ്/സീഡ്) സ്കോളർഷിപ്പിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നവംബർ 30വരെ https://pgscholarship.acite-india.orgൽ രജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കും.
സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഗേറ്റ്/സീഡ് സ്കോർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്, ആധാർ പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തിരിക്കണം. അഡ്മിഷൻ തീയതി, കോഴ്സ് തുടങ്ങിയതും അവസാനിക്കുന്നതുമായ തീയതി/വർഷം എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്.
എസ്.സി/എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യാൻ മറക്കരുത്.
രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ www.aicte-india.org/pgscholarship schemeൽ ലഭിക്കും.സ്കോളർഷിപ് പോർട്ടലിൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഡേറ്റ/വിവരങ്ങൾ പരിശോധിച്ച് അർഹരായവരുടെ ലിസ്റ്റ് സ്ഥാപനത്തിന്റെ അനുമതിയോടെ 2023 ഡിസംബർ 15നകം AICTEക്ക് റിപ്പോർട്ട് ചെയ്യണം.
ഫുൾടൈം/റെഗുലർ പി.ജി കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത. നിലവിൽ 12,400 രൂപയാണ് പ്രതിമാസ സ്കോളർഷിപ്പായി ലഭിക്കുക. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ് പോർട്ടലിൽ ലഭിക്കും.