കുത്തനെ കൂട്ടി ‘കീം’ അപേക്ഷാഫീസ്: ഒറ്റ ഫീസിൽ രണ്ട് കോഴ്സ് അവസരം നിർത്തലാക്കി
text_fieldsതിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസിൽ വർധന. ജനറൽ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും ഫീസ് വർധിപ്പിച്ചു. വ്യത്യസ്ത കോഴ്സുകൾക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിർത്തലാക്കി. എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്ക് കഴിഞ്ഞ വർഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്.സി വിഭാഗത്തിന്‍റെ ഫീസ് 375ൽനിന്ന് 400 രൂപയാക്കി.
കഴിഞ്ഞവർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും ജനറൽ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിന് രണ്ട് കോഴ്സുകൾക്കും ഒന്നിച്ച് 500 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്കും ആർക്കിടെക്ചറിനും കഴിഞ്ഞവർഷം ജനറൽ വിഭാഗത്തിന് 625 രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 650 രൂപയാക്കി. എസ്.സി വിഭാഗത്തിന് ഇത് 250 രൂപയുള്ളത് 260 ആക്കി.
എൻജിനീയറിങ്, മെഡിക്കൽ സ്ട്രീമുകളിലെ കോഴ്സുകൾക്ക് കഴിഞ്ഞവർഷം 1125 രൂപ അടച്ച് ഒന്നിച്ച് അപേക്ഷിക്കാൻ അവസരമുണ്ടായിന്നു. ഇത്തവണ അതും നിർത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച് അപേക്ഷിക്കണം. ഫലത്തിൽ ഒന്നിലധികം സ്ട്രീമുകളിലെ കോഴ്സുകളിൽ അപേക്ഷിക്കുന്നവർക്ക് ഇരട്ടിയാണ് ഫീസ് വർധന. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവർ അധികം അടക്കേണ്ട തുക 15,000ൽനിന്ന് 16,000 ആയി വർധിപ്പിച്ചു.
എന്നാൽ, കഴിഞ്ഞ വർഷംവരെ എൻജിനീയറിങ്ങിനും ഫാർമസിക്കും ഒന്നിച്ച് ഫീസടച്ചതിൽ ഫാർമസി പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഓരോ പരീക്ഷക്കും വെവ്വേറെ ഫീസ് ചുമത്തിയതെന്ന് പ്രവേശനപരീക്ഷ കമീഷണറേറ്റ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

