പത്താം ക്ലാസില്‍ മുഴുവന്‍ കുട്ടികളും ഇനി റോബോട്ടിക്സ് പഠിക്കും; വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം
text_fieldsതിരുവനന്തപുരം: രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും ജൂൺ രണ്ടിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അവസരം ലഭിക്കുന്നു. പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സര്‍ക്കീട്ട് നിര്‍മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്.
കഴിഞ്ഞ അക്കാദമിക വര്‍ഷം രാജ്യത്താദ്യമായി സംസ്ഥാനത്തെ മുഴുവന്‍ എഴാം ക്ലാസ് കുട്ടികള്‍ക്കും നിര്‍മിത ബുദ്ധി പഠിക്കാന്‍ ഐ.സി.ടി പാഠപുസ്തകത്തില്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പുതിയ 8, 9, 10 ക്ലാസിലെ ഐ.സി.ടി പാഠപുസ്തകങ്ങളിലും എ.ഐ പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം നടത്തിയ റോബോട്ടിക്സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉള്‍ക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ വര്‍ഷം റോബോട്ടിക്സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയിരുന്നു.
സ്കൂളുകള്‍ക്ക് നല്‍കിയ റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ് ബോര്‍ഡ്, ഐ.ആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ എന്ന ഉപകരണം തയാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികള്‍ക്കുള്ള ആദ്യ പ്രവര്‍ത്തനം.
തുടര്‍ന്ന് എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാര്‍ട്ട് വാതിലുകളും കുട്ടികള്‍ തയ്യാറാക്കുന്നു. ഇതിനായി പിക്ടോ ബ്ലോക്സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിങ് ഐ.ഡി.ഇയുടെ സഹായത്തോടെ 'ഫേസ് ഡിറ്റക്ഷന്‍ ബില്‍റ്റ്-ഇന്‍-മോഡല്‍' ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്കൂളുകള്‍ക്ക് കൈറ്റ് നല്‍കിയ ലാപ്‍ടോപിലെ വെബ്ക്യാം, ആര്‍ഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതില്‍ തുറക്കാനും കുട്ടികള്‍ പരിശീലിക്കുന്നു. സമാനമായ നിരവധി പ്രായോഗിക പ്രശ്നങ്ങളെ നൂതന സംവിധാനങ്ങളാല്‍ പരിഹരിക്കാന്‍ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്സ് പഠനരീതി കൈറ്റ് ആവിഷ്കരിച്ചിരിക്കുന്നത്.
ഐ.സി.ടി. പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നുണ്ട്. പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9924 അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിക്കഴിഞ്ഞു. ജൂലൈ മാസം റോബോട്ടിക്സില്‍ മാത്രമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും, കൂടുതല്‍ റോബോട്ടിക് കിറ്റുകള്‍ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് ഉള്‍പ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ യും ഐസിടി പാഠപുസ്തക സമിതി ചെയര്‍മാനുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

