വിദ്യാർഥികൾക്ക് വിമാന ടിക്കറ്റിൽ 10 ശതമാനം ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്; 25 കിലോ ബാഗേജ്, തീയതി മാറ്റാൻ 99 രൂപ
text_fieldsന്യൂഡൽഹി: ഉത്സവ സീസണിന് മുന്നോടിയായി വിദ്യാർഥികൾക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര വിമാന സർവീസുകളിലെ അടിസ്ഥാന നിരക്കിൽ 10 ശതമാനം ഇളവാണ് ലഭിക്കുക. ഇതോടൊപ്പം 25 കിലോ വരെ ചെക്ക് ഇൻ ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ കഴിയും. കൂടാതെ 99 രൂപക്ക് യാത്രാ തീയതി മാറ്റാനും സാധിക്കും. 2026 ഒക്ടോബർ 20 വരെയാണ് ഓഫർ ലഭ്യമാകുക.
സാധാരണയുള്ള 15 കിലോ ചെക്ക് ഇൻ ബാഗേജിന് പുറമേ 10 കിലോ അധിക ബാഗേജാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇതോടെ ആകെ 25 കിലോ ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്ക് യാത്രാ തീയതി മാറ്റുന്നതിനുള്ള സൗകര്യം 99 രൂപ നിരക്കിൽ ലഭിക്കും.
12 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഓഫർ ലഭിക്കുക. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഫോട്ടോ പതിച്ച ഐ.ഡി നിർബന്ധമാണ്. വിദ്യാർഥിയുടെ പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ഐ.ഡിയിൽ ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ ചെക്ക് ഇൻ സമയത്ത് പരിശോധനക്കായി ഈ രേഖ ആവശ്യപ്പെടാം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് വൈബ്സ് (VIBES) പ്രമോ കോഡ് ഉപയോഗിച്ച് അധിക അഞ്ച് ശതമാനം ഇളവും ലഭിക്കും. ഇതിന് പുറമെ വിസ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിസഫ്ലൈ (VISAFLY) ഓഫറിലൂടെ 600 രൂപ വരെ ഇളവും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ 2026 ഒക്ടോബർ ഒമ്പത് വരെ ലഭിക്കും.
വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട യാത്രകൾക്കും അവധിക്കാലത്ത് വീട്ടിലേക്കുള്ള യാത്രകൾക്കും വിമാനയാത്രയുടെ ചെലവ് കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഓഫർ ഉപയോഗിക്കുന്നതിന് മുമ്പ് ടിക്കറ്റ് നിരക്ക്, യാത്രാ നിബന്ധനകൾ, ബാഗേജ് പരിധി എന്നിവ പരിശോധിക്കണമെന്നും എയർലൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

