എയ്ഡഡ് സ്കൂൾ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി; വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: എയ്ഡഡ് സ്കൂളുകളിൽ അധ്യാപക-അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം ഇനി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ RDDHSE/443/2026-A1 നമ്പരായി ജൂലൈ 15നാണ് സർക്കുലർ ഇറങ്ങിയത്.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താൽക്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താൻ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. അധ്യയന വർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾ തന്നെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയമനങ്ങൾ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി വേണമെന്ന നിർദേശം. അതേസമയം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്‍റുകൾക്കാണെന്ന് വിവിധ കോടതി ഉത്തരവുകൾ വന്നിട്ടുള്ളതാണ്. പുതിയ ഉത്തരവിനോട് മാനേജ്മെന്റുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നേരത്തേ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി നാല് വർഷം വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സർക്കാർ വിദ്യാലയങ്ങളിൽ പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
കേരള വിദ്യാഭ്യാസ നിയമ (കെ.ഇ.ആർ) പ്രകാരം സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും നിയമന കാര്യത്തിൽ ബാധകമായ പ്രായപരിധിയിലെ ഇളവുകൾ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പി.എസ്.സി നിയമനങ്ങളുടെ പ്രായപരിധി വർധിപ്പിച്ച് 2026 ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ഉത്തരവിലെ (സ.ഉ.(കൈ)നം. 8/2026/P&ARD) ആനുകൂല്യം എയ്ഡഡ് മേഖലക്കും നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഈ ശിപാർശ വിശദമായി പരിശോധിച്ച ശേഷമാണ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

