ഇന്ത്യയിലുടനീളമുള്ള 58 എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടുന്നു; 950-ലധികം കോഴ്സുകളും നിർത്തലാക്കാൻ ഉത്തരവ്
text_fieldsഇന്ത്യയിലുടനീളമുള്ള 58 എൻജിനീയറിങ് സാങ്കേതിക കോളജുകൾ പൂട്ടാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ഉത്തരവിട്ടു. 2025-26 അധ്യയന വർഷത്തിലാണ് ഈ കോളജുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം. ഈ കോളജുകൾക്ക് 'പ്രോഗ്രസീവ് ക്ലോഷർ' ആണ് നൽകിയിരിക്കുന്നത്. അതായത് ഈ അധ്യയന വർഷം മുതൽ പുതിയ വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം ലഭിക്കില്ല. എന്നാൽ നിലവിൽ ഈ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ കോഴ്സുകൾ പൂർത്തിയാക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ല. അവർക്ക് പഠനം തുടർന്ന് ബിരുദം നേടാൻ സാധിക്കുമെന്ന് എ.ഐ.സി.ടി.ഇ വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും കൂടുതൽ കോളജുകൾ പൂട്ടിയത് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 വീതം കോളജുകൾ വീതം അടച്ചുപൂട്ടി. മധ്യപ്രദേശ് (8), പഞ്ചാബ് (4), തെലങ്കാന (4) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ രണ്ട് വീതവും കോളജുകൾ പൂട്ടുകയുണ്ടായി. ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കോളജ് വീതവും അടച്ചുപൂട്ടിയിട്ടുണ്ട്.
പൂട്ടിയ 58 കോളജുകളിൽ മൂന്നെണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്, ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലുള്ളവയാണ്. കൂടാതെ രാജ്യത്തുടനീളമുള്ള കോളജുകൾ വാഗ്ദാനം ചെയ്തിരുന്ന 950-ലധികം എൻജിനീയറിങ്, സാങ്കേതിക കോഴ്സുകളും ഇതേ കാലയളവിൽ നിർത്തലാക്കി.
കുറഞ്ഞ വിദ്യാർത്ഥികളുടെ പ്രവേശനം, യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ച തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. എൻജിനീയറിങ്, ആർക്കിടെക്ചർ, മാനേജ്‌മെന്റ്, ഫാർമസി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ എ.ഐ.സി.ടി.ഇ ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

