വരൂ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്.........
text_fieldsസിനിമ നിങ്ങളുടെ പാഷനാണോ? സർഗാത്മക സാഹിത്യാഭിരുചി, കലാവാസന, ഭാവന, ദീർഘവീക്ഷണമൊക്കെയുള്ള ബിരുദധാരിയാണോ? അഭിനയം,സംവിധാനം, തിരക്കഥ, രചന, ഛായാഗ്രഹണം, ചിത്രസംയോജനം, ശബ്ദലേഖനം, എന്നിവയിൽ തൽപരരാണോ? എങ്കിൽ വരൂ, പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്. അവിടെ നിങ്ങളുടെ അഭിരുചിക്കിണങ്ങിയ മാസ്റ്റേഴ്സ്, പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ യഥേഷ്ടം തിരഞ്ഞെടുത്ത് പഠിക്കാം.
പരിചയ സമ്പന്നരായ അധ്യാപകർ, സിനിമാ രംഗത്തെ പ്രമുഖരും സാങ്കേതിക വിദഗ്ധരും നയിക്കുന്ന ക്ലാസുകൾ, മികച്ച അധ്യാപനം, പ്രത്യേക ടെലിവിഷൻ കോഴ്സുകൾ, ഗതകാല പ്രൗഢി... എന്നിങ്ങനെ നിരവധി ആകർഷണ ഘടകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. 1960കളിൽ തുടക്കം കുറിച്ച് എഫ്.ടി.ഐ.ഐക്ക് സിനിമാ ലോകത്ത് നിരവധി പ്രതിഭകളെ വാർത്തെടുത്ത സമ്പന്നമായ പാരമ്പര്യമുണ്ട്. കേന്ദ്ര സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. 2025 ഏപ്രിൽ 22ന് യു.ജി.സി ആക്ട് പ്രകാരം കൽപിത സർവകലാശാല പദവി ലഭിച്ചു
കോഴ്സുകൾ ഫിലിം വിങ്
മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ)-സിനിമ: സ്പെഷലൈസേഷൻ 1. ഡയറക്ഷൻ ആൻഡ് സ്ക്രീൻ േപ്ല റൈറ്റിങ്, 2. സിനിമാട്ടോഗ്രഫി, 3. എഡിറ്റിങ്, 4. സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ 5. ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ. കോഴ്സ് കാലാവധി മൂന്നുവർഷം. ദ്വിവത്സര മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകൾ: എം.എഫ്.എ: സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടെലിവിഷൻ, വെബ് സീരീസ്).
ടി.വി വിങ്
ഏകവർഷ പി.ജി, ടെലിവിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ: സ്പെഷലൈസേഷനുകൾ- 1. ഡയറക്ഷൻ, 2. ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി, 3. വിഡിയോ എഡിറ്റിങ്, 4. സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്. എ.ഐ.സി.ടി.ഇ അനുമതിയോടെ നടത്തുന്ന കോഴ്സുകളാണിത്.
പ്രവേശന യോഗ്യത: എം.എഫ്.എ ഡയറക്ഷൻ ആൻഡ് സ്ക്രീൻ േപ്ല റൈറ്റിങ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ (11 സീറ്റുകൾ വീതം), സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടി.വി, വെബ്സീരീസ് -16 സീറ്റുകൾ വീതം), പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടി.വി എൻജിനീയറിങ് -11 സീറ്റുകൾ വീതം എന്നിവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
എന്നാൽ, എം.എഫ്.എ ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ (11 സീറ്റ്) കോഴ്സിന് അൈപ്ലഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ് സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ/ഫൈൻ ആർട്സ് തത്തുല്യ മേഖലയിലുള്ള ബിരുദമാണ് വേണ്ടത്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://ftii.ac.in/ൽ ലഭിക്കും. രജിസ്ട്രേഷൻ ഫീസ് ഒറ്റ കോഴ്സിന് 1500 രൂപ. രണ്ട് കോഴ്സുകൾക്ക് 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്കും യഥാക്രമം 500, 800 രൂപ എന്നിങ്ങനെ മതി. നിർദേശാനുസരണം ഓൺലൈനിൽ ജൂലൈ 11 വൈകീട്ട് അഞ്ചുമണിവരെ https://applyadmission.net/ftii2025ൽ രജിസ്റ്റർ ചെയ്യാം.
എഫ്.ടി.ഐ.ഐ എൻട്രൻസ് ടെസ്റ്റ്: ജൂലൈ 27 ഞായറാഴ്ച രാവിലെ 10-12 മണിവരെയും ഉച്ചക്കുശേഷം 2.30-4.30 മണിവരെയും ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും മെറിറ്റ് ലിസ്റ്റ് തായാറാക്കിയാണ് സീറ്റ് അലോക്കേഷൻ. കോമൺ റാങ്ക് ലിസ്റ്റും കാറ്റഗറി റാങ്ക് ലിസ്റ്റുമുണ്ടാകും. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
വിശദമായ സെലക്ഷൻ നടപടികൾ പ്രോസ്പെക്ടസിലുണ്ട്. അലോട്ട്മെന്റ് ലഭിക്കുന്നവർ സീറ്റ് ആക്സപ്റ്റൻസ് ഫീസായി 5000രൂപ ഓൺലൈനിൽ എസ്.ബി.ഐ കലക്ട് വഴി അടച്ച് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടു സ്പെഷൽ റൗണ്ട് സീറ്റ് അലോക്കേഷനുമുണ്ടാകും. കോഴ്സ് ഫീസ് നിരക്കുകൾ, സംവരണം അടക്കം സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

