സംസ്ഥാനത്ത് അധ്യയന വര്‍ഷം മേയ് 29ന് തുടങ്ങും
text_fieldsബംഗളൂരു: കര്‍ണാടകയില്‍ ഇത്തവണ അധ്യയന വര്‍ഷം മേയ് 29ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വേനലവധി ദീര്‍ഘിപ്പിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയത്.
സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പെടെയുള്ള സ്കൂളുകളില്‍ വേനലവധി ജൂലൈ 15 വരെ നീളുമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം.
മറ്റു സംസ്ഥാനങ്ങളില്‍ മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് വൈകുമെങ്കിലും കര്‍ണാടകയില്‍ മേയ് 29ന് സ്കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് (ഡി.ഡി പി.ഐ) ഓഫിസര്‍ കെ. ഗണപതി പറഞ്ഞു. എല്ലാ അധ്യാപകരും മേയ് 29ന് സ്കൂളില്‍ ഹാജരാകണം. പ്രവേശനോത്സവം മേയ് 30ന് നടത്തണം.
പഠനം ഉപേക്ഷിച്ച വരുടെയും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് അധ്യാപകര്‍ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ പഠനത്തിനാവശ്യമായ സഹായങ്ങള്‍ നൽകുകയും ചെയ്യണമെന്നും നിർദേശിച്ചു.
ഇത്തവണ അധ്യയന വര്‍ഷം മേയ് 29ന് തുടങ്ങി 2026 ഏപ്രിലില്‍ അവസാനിക്കും. അർധ വാര്‍ഷിക പരീക്ഷ, ദസറ അവധി, വേനലവധി എന്നിവയടക്കം 123 അവധി ദിവസങ്ങളും 242 പ്രവൃത്തി ദിവസങ്ങളുമാണ് പുതിയ അധ്യയന വർഷത്തിലുള്ളത്.
സര്‍ക്കാര്‍, എയിഡഡ്, അണ് എയിഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്നും സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ അവരുടെ പാഠ്യപദ്ധതി യനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നും വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

