രസംകെടുത്തിയ രസതന്ത്രത്തിൽ എ പ്ലസും വിജയവും കുത്തനെ ഇടിഞ്ഞു
text_fieldsതിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ചോദ്യം കടുപ്പമേറിയെന്ന് വിദ്യാർഥികളിൽനിന്ന് പരാതി ഉയർന്ന കെമിസ്ട്രിയിൽ (രസതന്ത്രം) വിജയശതമാനവും എ പ്ലസുകാരുടെ എണ്ണത്തിലും വൻ ഇടിവ്. കഴിഞ്ഞവർഷം കെമിസ്ട്രിയിൽ 89.58 വിജയമുണ്ടായിരുന്നത് ഇത്തവണ 86.27 ശതമാനമായി. കഴിഞ്ഞവർഷം കെമിസ്ട്രിയിൽ എ പ്ലസ് നേടിയത് 50439 ഇത്തവണ 30317 ആയി കുറഞ്ഞു. കുറവ് 20122. ഫിസിക്സിലും ബയോളജിയിലും എ പ്ലസുകാരുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞവർഷം ഫിസിക്സിൽ 48102 പേർക്ക് എ പ്ലസ് ഉണ്ടായിരുന്നത് ഇത്തരണ 44922 ആയി കുറഞ്ഞു.
എന്നാൽ ഫിസിക്സിൽ വിജയശതമാനത്തിൽ നേരിയ വർധനവുണ്ട്. ബയോളജിയിൽ കഴിഞ്ഞ വർഷം 58525 പേർക്ക് എ പ്ലസ് ഉണ്ടായിരുന്നത് ഇത്തവണ 41536 ആയി കുറഞ്ഞു. വിജയശതമാനത്തിൽ (95.06) നേരിയ കുറവുണ്ട്. കഴിഞ്ഞവർഷം കൂടുതൽപേർക്ക് തോൽവി പിണഞ്ഞ ഇംഗ്ലീഷിൽ ഇത്തവണ വിജയ ശതമാനവും എ പ്ലസുകാരുടെ എണ്ണവും കൂടി. ഇംഗ്ലീഷിൽ ഇത്തവണ 90.26 (കഴിഞ്ഞ വർഷം 88.07) വിജയശതമാനവും 72248 പേർക്ക് (കഴിഞ്ഞ വർഷം 63005) എ പ്ലസുമുണ്ട്. മാത്തമാറ്റിക്സിൽ (സയൻസ് കോമ്പിനേഷൻ) വിജയ ശതമാനത്തിൽ നേരിയ വർധന ഉണ്ടായപ്പോൾ (89.71) എ പ്ലസുകാരുടെ എണ്ണം 55656ൽ നിന്ന് 41864 ആയി കുറഞ്ഞു.
ഇത്തവണയും മലയാളത്തിൽ തന്നെയാണ് കൂടുതൽ പേർക്ക് എ പ്ലസ്; 100962 പേർ (കഴിഞ്ഞ വർഷം 92897). ഹിന്ദിയിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ട്. കഴിഞ്ഞ വർഷം 74732 പേർക്ക് എ പ്ലസുണ്ടായിരുന്നത് ഉത്തവണ 75986 ആയി വർധിച്ചു. ഹിസ്റ്ററിയിൽ വിജയ ശതമാനം കുറഞ്ഞപ്പോൾ (86.06) ഇക്കണോമിക്സിൽ വിജയം ശതമാനം (86.82) വർധിച്ചു. അറബിക്കിൽ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.95 ഉണ്ടായിരുന്നത് ഇത്തവണ 99.93 ആയി. എന്നാൽ എ പ്ലസുകാരുടെ എണ്ണം 36134 ആയി (കഴിഞ്ഞ വർഷം 31387) വർധിച്ചു.
സയൻസ് വിഷയങ്ങളിൽ എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇത്തവണ മൊത്തം എ പ്ലസ് എണ്ണത്തിൽ വൻ കുറവ് വരാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

