കെ.ടി.യുവിന് 725 കോടിയുടെ ബജറ്റ്; വിളപ്പിൽശാല കാമ്പസിനും സ്കൂളുകൾക്കുമായി 99 കോടി
text_fieldsതിരുവനന്തപുരം: ഗവേഷണ ഫലങ്ങൾ ഉൽപന്നങ്ങളാക്കി മാറ്റാൻ ട്രാൻസ്ലേഷണൽ റിസർച് സെൻററിനും സ്റ്റാർട്ടപ്, ഇന്നവേഷൻ സെൻററുകൾക്കും ഊന്നൽ നൽകി സാങ്കേതിക സർവകലാശാല (കെ.ടി.യു) ബജറ്റ്. 692.75 കോടി രൂപ വരവും 725.04 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ. ബിജു ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ അവതരിപ്പിച്ചു.
വിദ്യാർഥികളുടെ പ്രഫഷനൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിന് വ്യവസായ വിദഗ്ധരെ സഹകരിപ്പിച്ച് പ്രോജക്ട് അധിഷ്ഠിത പഠന പദ്ധതി-മൂന്നു കോടി രൂപ, ഡ്രൈവർമാരുടെ ഡ്രൈവിങ് രീതികൾ ഡേറ്റയുടെ സഹായത്തോടെ വിശകലനം ചെയ്തു ബൗദ്ധികമായ നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സിയും മോട്ടോർ വാഹന വകുപ്പുമായും സംയോജിച്ച് പദ്ധതി-രണ്ടു കോടി, കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ അഫിലിയേറ്റഡ് കോളജുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഒരു കോടി രൂപയുടെ കാർബൺ ഓഡിറ്റ്, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് ഉപയോഗിച്ച് ഒരു കോടിരൂപ ചെലവിൽ തദ്ദേശ വകുപ്പിന് വിഭാവനം ചെയ്യുന്ന അസറ്റ് മാനേജ്മെന്റ് മൊഡ്യൂൾ, സഹായ സാങ്കേതിക വിദ്യ സേവനോപാധികൾ ആവശ്യമുള്ളവരുടെ ഡേറ്റ ശേഖരണത്തിനും അവരെ സഹായിക്കുന്നതിനുമായി രണ്ടു കോടിയുടെ സഹായ സാങ്കേതിക വിദ്യ കേന്ദ്രം, ജലക്ഷാമം കുറക്കാൻ ഒരു കോടിയുടെ ജലവിഭവ പദ്ധതി രേഖ, കോവിഡാനന്തര കാലത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ ആധുനിക സാങ്കേതികവിദ്യ പഠന രീതികൾ ഉൾപ്പെടുത്തുന്നതിന് ഒരു കോടി എന്നിവയാണ് പുതിയ പദ്ധതികൾ.
വിളപ്പിൽശാലയിൽ നിർമിക്കുന്ന സർവകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും വിവിധ എൻജിനീയറിങ് സ്കൂളുകൾക്കായി 39 കോടിയും ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും ട്രാൻസ്ലേഷണൽ റിസർച് സെന്ററിന് 20 കോടിയും സ്റ്റാർട്ടപ്പുകൾക്കും ഇന്നവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി.
കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000 വിദ്യാർഥി പ്രോജക്ടുകൾ എന്നിവക്ക് മൂന്നു കോടി വീതം വകയിരുത്തി.
പരീക്ഷ നടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക പരീക്ഷാ നിരീക്ഷണ സംവിധാനത്തിന് 10 കോടിയും സർവകലാശാല-വ്യാവസായിക സംയുക്ത സംരംഭങ്ങൾക്ക് അഞ്ചു കോടിയും, ഓൺലൈൻ പരീക്ഷ സംവിധാനത്തിനു മൂന്നു കോടിയും ചെലവഴിക്കും.
എൻജിനീയറിങ് പഠനം വൈവിധ്യവത്കരിക്കുന്ന പ്രോജക്ട് അധിഷ്ഠിത കോഴ്സുകൾക്കും എൻജിനീയറിങ് ഫാബ് ലാബുകൾക്കുമായി രണ്ടു കോടി വീതം വകയിരുത്തി. വൈസ് ചാൻസലർ ഡോ. സിസ തോമസ്, ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

