Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.ബി.ബി.എസ് പ്രവേശനം നേടിയെന്ന് ആരോപണം; 370 വിദ്യാർഥികൾ അന്വേഷണ പരിധിയിൽ

text_fields
bookmark_border
MBBS Admission
cancel

ഡെറാഡൂൺ: വ്യാജ സർട്ടിഫിക്കറ്റുകൾ ഉ​പയോഗിച്ച് വിദ്യാർഥികൾ എം.ബി.ബി.എസ് സീറ്റുകൾ നേടിയെന്നതിൽ അന്വേഷണം. ഉത്തരാഖണ്ഡിലെ വിവിധ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ 370 വിദ്യാർഥിക​ൾക്കെതിരെയാണ് അന്വേഷണം.

വ്യാജ സ്ഥിരതാമസ (ഡൊമിസൈൽ) സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മെഡിക്കൽ പ്രവേശനം നേടിയെന്നാണ് ഉയർന്ന ആരോപണം. സംഭവത്തിൽ എസ്‌.എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.

ഡെറാഡൂൺ സ്വദേശിയും പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ മകനുമായ പ്രദീപ് ബഹുഗുണയാണ് ആരോഗ്യ മന്ത്രിക്ക് ക്രമക്കേട് ചൂണ്ടിക്കാട്ടി പട്ടിക സമർപ്പിച്ചത്. ഇതിന് പിന്നാലെ ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർക്കുള്ള ക്വോട്ടയിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അഞ്ച് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധനക്ക് ശേഷം ഈ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും അവയുടെ അടിസ്ഥാനത്തിൽ നൽകിയ പ്രവേശന നടപടികൾ റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് മറ്റ് സംവരണ വിഭാഗങ്ങളിലെ സർട്ടിഫിക്കറ്റുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയ മൂന്ന് പേരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വ്യാജ സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വ്യത്യസ്ത വിഭാഗങ്ങളിൽ ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രദീപ് ബഹുഗുണ പറഞ്ഞു. വ്യാജ സർട്ടിക്കറ്റ് ആരോപണം ഉയർന്നതിന് പിന്നാലെ സ്ഥിര താമസ സർട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി, ഒ.ബി.സി സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉയർന്നു.

അതേസമയം, ഡെറാഡൂൺ എസ്.ഡി.എം ഓഫീസിൽനിന്ന് അവസാന നിമിഷം നൽകിയെന്ന ആരോപണം ഉയർന്ന 36 സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും അന്വേഷണം നടത്തും. രേഖകളുടെ സീരിയൽ നമ്പർ, നൽകിയ തീയതി, അപേക്ഷകരുടെ വിവരങ്ങൾ എന്നിവ ഔദ്യോഗിക സർക്കാർ രേഖകളുമായി ഒത്തുനോക്കിയാകും യഥാർഥ ക്രമക്കേട് കണ്ടെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 370 NEET Students Under Scanner in Uttarakhand
Next Story