തിരുവനന്തപുരം: വിവാദ ചോദ്യങ്ങളില്‍ മൗനം പാലിച്ചും അടിമുടി മാറ്റത്തിന്‍െറ സാധ്യത നിരാകരിച്ചും ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണത്തില്‍ കേരളത്തിന്‍െറ പ്രതികരണം. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ (ആര്.ടി.ഇ)നിന്ന് ന്യൂനപക്ഷവത്കരണം ഒഴിവാക്കിയാല്‍ അനന്തരഫലങ്ങള്‍ എന്തെല്ലാം, ആദിവാസി മേഖലകളില്‍ പരമ്പരാഗത നൈപുണി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ, വിദേശസഹകരണം പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ ഏതെല്ലാം മേഖലകളില്‍ അനിവാര്യമാണ് തുടങ്ങിയ ചോദ്യാവലിക്കെതിരെയാണ് നേരത്തേ വിമര്‍ശം ഉയര്‍ന്നത്.
പ്രൈമറി തലത്തിലും പ്ളേ സ്കൂള്‍ തലത്തിലും കൂണുപോലെ സ്കൂളുകള്‍ മുളച്ചുവരാന്‍ കാരണമെന്തെന്ന ചര്‍ച്ചാ സൂചകത്തോടും കേരളം പ്രതികരിച്ചിട്ടില്ല. പ്രാഥമികതലം മുതല്‍ സംസ്ഥാനതലം വരെ ചര്‍ച്ച ചെയ്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൂടിയാലോചനാ റിപ്പോര്‍ട്ട് തയാറാക്കിയത്. സെപ്റ്റംബര്‍ 29ന് തിരുവനന്തപുരത്ത് സീമാറ്റില്‍ നടത്തിയ ശില്പശാലയിലൂടെയാണ് 34 പേജ് വരുന്ന സംസ്ഥാനത്തിന്‍െറ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് കേന്ദ്രമാനവശേഷി മന്ത്രാലയത്തിന് കൈമാറും.
ചര്‍ച്ചാ സൂചകങ്ങളായി മാനവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കിയതാണ് ചോദ്യാവലികള്‍. നിലവിലെ പാഠ്യക്രമത്തില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ടെന്ന പേരിലാണ് പുതിയ ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണ ശ്രമങ്ങള്‍. എന്നാല്‍, കേന്ദ്രം നിര്‍ദേശിക്കുന്ന പരിഷ്കാരങ്ങളില്‍ പലതും ഇതിനകം കേരളം നടപ്പാക്കിയതാണെന്ന മറുപടിയും റിപ്പോര്‍ട്ടിലുണ്ട്.
ജനവാസമേഖലകളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സെക്കന്‍ഡറി സ്കൂളുകളും ഏഴ്-10 കിലോമീറ്ററിനകത്ത് സീനിയര്‍ സെക്കന്‍ഡറി സ്കൂളുകളും ഉറപ്പുവരുത്തണമെന്ന് കേരളം നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള ശരിയായ മാതൃകയാണ് നിരന്തര, സമഗ്ര മൂല്യനിര്‍ണയ(സി.സി.ഇ)മെന്ന് അവകാശപ്പെടുന്ന കേരളം സി.സി.ഇയില്‍ വിദ്യാര്‍ഥിയുടെ യഥാര്‍ഥ അറിവ് വിലയിരുത്താതെ പരമാവധി മാര്‍ക്ക് നല്കുന്ന പൊതുപ്രവണത നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷ ആകാമെന്ന് കേരളം അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിരുചി വിലയിരുത്തിയായിരിക്കണം അധ്യാപന കോഴ്സുകളിലേക്കുള്ള പ്രവേശം നടത്തേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത സമയത്തിനിടെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ രണ്ടുമുതല്‍ മൂന്നുതവണ വരെ പഠനനിലവാരം വിലയിരുത്തണം. വിദ്യാര്‍ഥികളുടെ നിരന്തര, സമഗ്ര മൂല്യനിര്‍ണയ രേഖകള്‍ കൃത്യമായി സൂക്ഷിക്കണം.
പ്രീ പ്രൈമറിതലം മുതല്‍ 12ാം തരം വരെ വിദ്യാര്‍ഥിയുടെ വിലയിരുത്തല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും സ്കൂള്‍ മാറ്റം വാങ്ങുകയാണെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഈ രേഖകള്‍കൂടി കൈമാറണമെന്നും സംസ്ഥാനം നിര്‍ദേശിക്കുന്നു.
മാര്‍ക്ക് രീതി അവസാനിപ്പിച്ച് ഗ്രേഡിങ് രീതി കൊണ്ടുവന്നതുവഴി ശരാശരിക്ക് മുകളില്‍ നില്ക്കുന്ന വിദ്യാര്‍ഥികളിലെ പ്രചോദനം ഇല്ലായ്മ ചെയ്യപ്പെട്ടു. ഇത് മികച്ച വിദ്യാര്‍ഥികളെ നിരുത്സാഹപ്പെടുത്തുന്നതായി മാറി. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരബുദ്ധിക്ക് അന്ത്യം കുറിക്കാന്‍ ഗ്രേഡിങ് രീതി സഹായിച്ചെന്ന് പഠനങ്ങളില്‍ തെളിഞ്ഞതായും സംസ്ഥാന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേഡിങ് രീതി കുട്ടികളിലെയും രക്ഷിതാക്കളിലെയും മാനസിക പിരിമുറുക്കവും ആയാസവും കുറക്കാന്‍ കാരണമായി. വിദ്യാര്‍ഥിയുടെ സമ്പൂര്‍ണ വിലയിരുത്തലിന് ശരിയായ മാര്‍ഗമാണ് നിരന്തര, സമഗ്ര മൂല്യനിര്‍ണയം. വ്യവസായ, സേവന തൊഴില്‍ മേഖലകളിലെ തൊഴില്‍ വൈദഗ്ധ്യം ആണ് കേരളത്തിന്‍െറ സമ്പദ്ഘടന ആവശ്യപ്പെടുന്നത്. കാര്‍ഷിക, ടൂറിസം, സോഫ്റ്റ്വെയര് തൊഴില്‍ തുടങ്ങിയ മേഖലകളിലെ തൊഴില്‍ നൈപുണി വികസനം കേരളത്തില്‍ പരിഗണനാര്‍ഹമാണ്. ടെലികോം, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, റീട്ടെയില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, അക്കൗണ്ടിങ് ആന്‍ഡ് ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം.
സ്കൂളുകളില്‍ ഒന്നില്‍ക്കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാട്. മാതൃഭാഷക്ക് പുറമെ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളും ഐച്ഛികമായി അറബി, സംസ്കൃതം, ഉര്‍ദു ഭാഷകളുടെ പഠനവും ആകാം. അധ്യാപകരുടെ പ്രകടനം നിശ്ചിത സമയങ്ങളില്‍ വിലയിരുത്തുകയും മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുകയും ചെയ്യണം. ഉയര്‍ന്ന യോഗ്യത നേടുന്ന അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 12:02 AM GMT Updated On
date_range 2015-11-15T05:34:01+05:30ദേശീയ വിദ്യാഭ്യാസനയം: അടിമുടി മാറ്റത്തിന്‍െറ ആവശ്യകത നിരാകരിച്ച് കേരളം
text_fieldsNext Story