പ്ളസ് വണ്‍ ക്ളാസുകളിലേക്ക് ഏകജാലകരീതിയില്‍ പ്രവേശം നടത്തുന്നത് ഇത് ഏഴാം വര്‍ഷമാണ്. പ്രവേശപ്രക്രിയ സുതാര്യവും ലളിതവുമാക്കുകയും അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സാമൂഹികനീതി ഉറപ്പുവരുത്തി പ്രവേശം നല്‍കുകയും ചെയ്തത് സംവിധാനത്തിന്‍െറ പ്രധാന നേട്ടമാണ്.
ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ഥി ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കരുത്. ഒന്നിലധികം റവന്യൂ ജില്ലകളില്‍ പ്രവേശം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം അതിന്‍െറ പ്രിന്റൗട്ടിന്‍െറ കോപ്പിയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഗവ. /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം എങ്ങനെ
ഏകജാലക പ്രവേശ സംവിധാനത്തിനുള്ള വെബ്പോര്‍ട്ടല്‍ അഡ്രസ് www.hscap.kerala.gov.in എന്നതാണ്. ഹോം പേജിലെ ‘PUBLIC’ ടാബിന് താഴെയുള്ള APPLY ONLINE-SWS ലിങ്കില്‍ ക്ളിക്ക് ചെയ്യുക. ലോഗിന്‍ പേജില്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റര്‍ നമ്പര്‍, മാസം, വര്‍ഷം, ജനനതീയതി എന്നിവ നല്‍കിയശേഷം ‘Mode of Fee Payement’ സെലക്ട് ചെയ്യണം. അപേക്ഷാ ഫീസ് രണ്ട് വിധത്തില്‍ അടയ്ക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും അപേക്ഷിക്കുന്ന ജില്ലയില്‍ ഏതെങ്കിലും സര്‍ക്കാര്‍/ എയിഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അപേക്ഷാ ഫീസ് നേരിട്ട് ആ സ്കൂളില്‍ അടച്ചാല്‍ മതി (Cash Paid to School). അപേക്ഷിക്കുന്ന ജില്ലയില്‍ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ മാത്രം ഡി.ഡി മുഖാന്തിരം (By Demand Draft) അപേക്ഷ ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആരംഭിക്കണം. അപേക്ഷാ ഫീസടയ്ക്കുന്ന രീതിയും നല്കി ലോഗിന്‍ ബട്ടണ്‍ ക്ളിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാര്‍ഥിയുടെ പൊതുവിവരങ്ങളാണ് നല്‍കേണ്ടത്.
അപേക്ഷകന്‍െറ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സിയിലെ പ്രാതിനിധ്യം, സ്കൗട്ടില് നേടിയ പുരസ്കാരങ്ങള്‍, നീന്തല്‍ അറിവ്, ജവാന്‍െറ ആശ്രിതനായിരിക്കുക, പത്താം ക്ളാസില്‍ പഠിച്ച സ്കൂള്‍ എന്നീ വിവരങ്ങള്‍ നല്‍കണം. ഇവക്കെല്ലാം ബോണസ് പോയന്റുകള്‍ ലഭിക്കുമെന്നതുകൊണ്ട് വിവരങ്ങള്‍ ശരിയായിതന്നെ രേഖപ്പെടുത്തണം. എസ്.എസ്.എല്‍.സിയില്‍ ജനറല്‍, ഒ.ബി.സി, ഒ.ഇ.സി, പട്ടികജാതി-വര്‍ഗം എന്നിങ്ങനെ അഞ്ച് കാറ്റഗറികള്‍ മാത്രമാണുള്ളത്. എന്നാല്‍, ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ജനറല്‍, ഈഴവ/ തീയ്യ, ബില്ലവ, മുസ്ലിം, എല്‍.സി/എസ്.ഐ.യു.സി/ ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി ക്രിസ്ത്യന്‍, ഒ.ബി.സി ഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗം, ധീവര, വിശ്വകര്‍മ, കുശവന്, കുടുംബി എന്നിങ്ങനെ 12 കാറ്റഗറികളുണ്ട്.
പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് പോയന്റ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയന്റും നല്കിയാല് അപേക്ഷയിലെ ഏറ്റവും പ്രധാനഘട്ടമായ ഓപ്ഷന് നല്കുന്ന പേജില്‍ എത്തും. വിദ്യാര്‍ഥി പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്. അപേക്ഷകന്/ അപേക്ഷക പഠിക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷന് ലഭിച്ചില്ളെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഓപ്ഷനുകള്‍ ആദ്യമാദ്യം വരുന്നരീതിയില് ക്രമീകരിക്കണം. മാര്‍ക്കിനും ഗ്രേഡ് പോയന്റിനുമനുസരിച്ച് ലഭിക്കാന്‍ സാധ്യതയുള്ള സ്കൂളുകളും കോമ്പിനേഷനുകളും തെരഞ്ഞെടുത്താല്‍ ആദ്യ അലോട്ട്മെന്റുകളില്‍ തന്നെ പ്രവേശം ലഭിക്കും. പ്രവേശസാധ്യത മനസ്സിലാക്കാന്‍ അപേക്ഷകരെ സഹായിക്കുന്നതിന് കഴിഞ്ഞവര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ www.hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആവശ്യമുള്ളത്ര ഓപ്ഷനുകള്‍ നല്കി സബ്മിറ്റ് ചെയ്യുമ്പോള്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭ്യമാകും. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഫൈനല്‍ കണ്ഫര്മേഷന് നടത്തി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം.
DEMAND DRAFT ആയി ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വെരിഫിക്കേഷനായി പ്രോസ്പെക്ടസ് ‘അനുബന്ധം 6’ല്‍ നിര്‍ദേശിച്ച സ്കൂള്‍ പ്രിന്‍സിപ്പലിന് അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും അപേക്ഷാ ഫീസായ 25 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും അയച്ചുകൊടുക്കണം. എന്നാല്‍, Cash Paid to School എന്ന Mode of Fee Payement’ലൂടെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷയുടെ പ്രിന്െറൗട്ടിന്െറ കോപ്പിയും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കേണ്ടതാണ്.
അപേക്ഷയുടെ പ്രിന്‍െറൗട്ട് സ്കൂളില്‍ നല്കിയാല് സ്കൂള്‍ പ്രിന്‍സിപ്പല്‍ അക്നോളജ്മെന്റ സ്ളിപ്പ് ഒപ്പിട്ട് സ്കൂള്‍ സീല്‍ പതിപ്പിച്ച് തിരികെ നല്‍കും.ഈ സ്ളിപ്പ് വിദ്യാര്‍ഥി സ്ഥിരപ്രവേശം നേടുന്നതുവരെ സൂക്ഷിക്കണം.
അപേക്ഷയുടെ സംശുദ്ധി പരിശോധന എങ്ങനെ
അപേക്ഷയിലെ വിവരങ്ങള്‍ വെബ്സൈറ്റ് മുഖേന പരിശോധിക്കാന്‍ അപേക്ഷകര്‍ക്ക് അവസരം ലഭിക്കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ അഡ്മിഷന് പോര്‍ട്ടലായ www.hscap.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ കാണാനുള്ള ‘view your application’എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് അപേക്ഷാ നമ്പറും ജനനതീയതിയും ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ അപേക്ഷാ വിവരങ്ങള്‍ കാണാം.
തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അപേക്ഷകള്‍ നല്കിയ സ്കൂളിലെ പ്രിന്‍സിപ്പലിനെ നിശ്ചിത സമയത്തിനുള്ളില്‍ രേഖാമൂലം അറിയിക്കുകയും തുടര്‍ന്ന് തിരുത്തലുകള്‍ വരുത്തി എന്ന് ഉറപ്പാക്കുകയും വേണം.
ശരിയായ അലോട്ട്മെന്റുകള്‍ ആരംഭിക്കുംമുമ്പ് ട്രയല്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കും. ട്രയല്‍ അലോട്ട്മെന്റ് എല്ലാ അപേക്ഷകരും പരിശോധിക്കണം. തെറ്റുകള്‍ തിരുത്താനും ഓപ്ഷനുകള്‍ മാറ്റാനും ഈ ഘട്ടത്തിലും സാധിക്കും.
അലോട്ട്മെന്റ് പ്രക്രിയ
രണ്ട് അലോട്ട്മെന്റുകള്‍ അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ളിമെന്ററി അലോട്ട്മെന്റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിക്കുന്നതോടെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ പ്രവേശം നിര്‍ബന്ധമായി സ്ഥിരപ്പെടുത്തണം. എന്നാല്‍, മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിച്ചിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍ മാറ്റത്തിനോ സ്കൂളിനുള്ളില്‍ തന്നെ കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം.
മുഖ്യ അലോട്ട്മെന്റുകളില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ചശേഷം മാത്രമാകും സപ്ളിമെന്ററി അലോട്ട്മെന്റുകള്‍ നടത്തുക. സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ളിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകള്‍ പുതുക്കി നല്‍കണം.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാല്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നേടാം. ഡയറക്ടറേറ്റില്‍നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ വിദ്യാര്‍ഥി പ്രവേശം നേടണം. അല്ലാത്തപക്ഷം അലോട്ട്മെന്റ് റദ്ദാകും. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതി. തെരഞ്ഞെടുത്ത ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാനുളള സൗകര്യവുമുണ്ട്.
സ്പോര്‍ട്സ് ക്വോട്ടയിലെ പ്രവേശം
സ്പോര്‍ട്സ് ക്വോട്ട അഡ്മിഷന് സുതാര്യവും കാര്യക്ഷമവുമാക്കാന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലാണ്. ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധികാരികള്‍ ഓരോ വിദ്യാര്‍ഥിയുടെയും സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അതിനായി തയാറാക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വെരിഫിക്കേഷന് നടത്തുമ്പോള്‍ തന്നെ ഒരു സ്കോര്‍ കാര്‍ഡ് ഓരോ വിദ്യാര്‍ഥിക്കും ജനറേറ്റ് ചെയ്യും. രണ്ടാം ഘട്ടത്തില്‍ പ്ളസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ അഡ്മിഷന് ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഏകജാലക സംവിധാനത്തിന്‍െറ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റിന് മുമ്പ് രണ്ട് പ്രത്യേക അലോട്ട്മെന്റുകള്‍ സ്പോര്‍ട്സ് ക്വോട്ട അഡ്മിഷനുവേണ്ടി നടത്തും. ഓരോ അലോട്ട്മെന്റിനുശേഷവും ഓരോ സ്കൂളിലും അലോട്ട് ചെയ്ത വിവിധ കാറ്റഗറികളിലെ അവസാന റാങ്കുകാരുടെ വിശദാംശങ്ങളും അപേക്ഷകര്‍ക്ക് പരിശോധിക്കാം.
(ഹയര്‍സെക്കന്‍ഡറി അക്കാദമികവിഭാഗം ജോയന്റ് ഡയറക്ടറാണ് ലേഖകന്‍)