ഇന്ത്യയിലാദ്യമായി വയോജനങ്ങള്‍ക്ക് ‘സര്‍വകലാശാല’കൊച്ചിയില്‍
text_fieldsകൊച്ചി: ജീവിതത്തിന്‍െറ വിരസത അകറ്റാന്‍ വയോജനങ്ങള്‍ക്കായി കാല്‍പനിക സര്‍വകലാശാല - യൂനിവേഴ്സിറ്റി ഓഫ് തേഡ് ഏജ് (U3A) രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്തും ലേക് ഷോര്‍ ആശുപത്രിയും സംയുക്തമായി മാജിക്സ് എന്ന സംഘടനയുടെ സഹകരണത്തോടെ ആരംഭിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള ഈ സര്‍വകലാശാല ലേക്ഷോര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ മുതിര്‍ന്ന തലമുറയെ വേണ്ട രീതിയില്‍ കാണാനോ സാന്ത്വനം നല്‍കാനോ മറന്നുപോകവെ മുതിര്‍ന്നവരുടെ മനസ്സിലെ ശൂന്യത മാറ്റി പ്രതീക്ഷയുണര്‍ത്താന്‍ സര്‍വകലാശാല ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചര്‍ച്ചാ ക്ളാസുകള്‍, ബോധവത്കരണ സെമിനാറുകള്‍, തൊഴില്‍ പരിശീലനം, ആരോഗ്യ സുരക്ഷാ ക്യാമ്പുകള്‍, പഠനയാത്രകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ക്ളാസുകള്‍ നടക്കുക. പ്രവേശത്തിന് പ്രായപരിധി ഇല്ല. സാധാരണ സര്‍വകലാശാലയിലേത് പോലെ പരീക്ഷകള്‍ ഉണ്ടാവില്ല.
ആരോഗ്യ സേവനങ്ങള്‍ക്ക് പുറമേ വയോജനങ്ങളുടെ ഉന്നമനവും ക്രിയാത്മക ജീവിതവും ലക്ഷ്യമിട്ടാണ് വലിയ ചെലവ് കൂടാതെ പഠിക്കാനും അവരുടെ അറിവുകള്‍ പങ്കുവെക്കാനുമായാണ് യൂനിവേഴ്സിറ്റി ഓഫ് തേഡ് ഏജ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഫിലിപ് അഗസ്റ്റിന്‍ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ചടങ്ങില്‍ അറിയിച്ചു. സീനിയര്‍ ടാക്സി, എള്‍ഡര്‍ ലൈന്‍ തുടങ്ങിയ പദ്ധതികളും താമസിയാതെ തുടങ്ങും. മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സ കൊച്ചുകുഞ്ഞ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിത സിദ്ദീഖ്, മരട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുല്‍ മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ അനീഷ് കുമാര്‍ എ. ജി. എന്നിവര്‍ സംസാരിച്ചു. ഡോ. പ്രവീണ്‍ ജി. പൈ പദ്ധതി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
