Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാജ്യത്ത് പ്രതിദിനം...

രാജ്യത്ത് പ്രതിദിനം പൂട്ടുന്നത് 13 സ്കൂളുകൾ, കഴിഞ്ഞവർഷം 4,791 എണ്ണം അടച്ചു; കൂടുതൽ സ്കൂളുകൾക്ക് താഴിട്ടത് മധ്യപ്രദേശിൽ

text_fields
bookmark_border
രാജ്യത്ത് പ്രതിദിനം പൂട്ടുന്നത് 13 സ്കൂളുകൾ, കഴിഞ്ഞവർഷം 4,791 എണ്ണം അടച്ചു; കൂടുതൽ സ്കൂളുകൾക്ക് താഴിട്ടത് മധ്യപ്രദേശിൽ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ 2025-26 അധ്യയന വർഷത്തിൽ പ്രതിദിനം ശരാശരി 13 സ്കൂളുകൾ വീതം പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കൂടുതൽ സ്കൂളുകൾ പൂട്ടിയത് മധ്യപ്രദേശിലാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ യുനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്താകെ 4,791 സ്കൂളുകളാണ് പൂട്ടിയത്. ഇതിൽ പകുതിയിലധികവും മധ്യപ്രദേശിലാണ്. 2,426 സ്കൂളുകളാണ് ഇവിടെ പ്രവർത്തനം അവസാനിപ്പിച്ചത്.

2024-25 അധ്യയന വർഷത്തിൽ 14,71,473 ആയിരുന്നു സ്കൂളുക​ളുടെ എണ്ണം. കഴിഞ്ഞ അധ്യയന വർഷത്തിൽ ഇത് 14,66,682 ആയി കുറഞ്ഞു. തെലങ്കാനയാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളിൽ രണ്ടാമത്. 1392 സ്കൂളുകൾ ഇവിടെ അടച്ചുപൂട്ടി. പശ്ചിമബംഗാൾ 568, ആന്ധ്ര പ്രദേശ് 474, തമിഴ്നാട് 369, കർണാടക 281, ഹിമാചൽ പ്രദേശ് 266 എന്നിങ്ങനെയാണ് പൂട്ടിയ സ്കൂളുകളുടെ എണ്ണം.

ചില സംസ്ഥാനങ്ങളിൽ പുതിയ സ്കൂളുകൾ അനുവദിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവിടങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് വിദ്യാർഥികളുടെ എണ്ണത്തിലും കുറവ് വന്നതായും പറയുന്നു. ബിഹാറിൽ ഒരു വർഷത്തിനിടെ 946 സ്കൂളുകൾ പുതുതായി ആരംഭിച്ചു. എന്നാൽ ഇവിടെ വിദ്യാർഥികളുടെ എണ്ണത്തിൽ 4,37,037 കുട്ടികളുടെ കുറവുണ്ടായി. ഛത്തീസ്ഗഢിൽ 234 സ്കൂളുകൾ പുതുതായി തുടങ്ങി, അവിടെ 49,459 വിദ്യാർഥികൾ കുറഞ്ഞു. ഡൽഹിയിൽ 87 പുതിയ സ്കൂളുകൾ തുറന്നു, വിദ്യാർഥികളുടെ എണ്ണത്തിൽ 45,250ന്റെ കുറവും രേഖപ്പെടുത്തി.

രാജ്യത്ത് ഒരൊറ്റ വിദ്യാർഥി പോലും പഠിക്കാനില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ ആദ്യമായി കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2024-25ൽ ഒറ്റ വിദ്യാർഥി പോലും ഇല്ലാത്ത 7,993 സ്കൂളുകൾ ഉണ്ടായിരുന്നു. ഇത് 2025-26ൽ 5,663 ആയി കുറഞ്ഞു. എന്നാൽ ഒറ്റ കുട്ടിപോലുമില്ലാത്ത ഈ സ്കൂളുകളിൽ 20,667 അധ്യാപകർ ജോലി ചെയ്യുന്നു​ണ്ടെന്ന കണക്കും വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു.

പശ്ചിമബംഗാളിൽ കുട്ടികളില്ലാത്ത സ്കൂളുകളുടെ എണ്ണം ഈ വർഷം മാത്രം 321 എണ്ണം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സംസ്ഥാനത്ത് ഒറ്റ കുട്ടിപോലുമില്ലാത്ത സ്കൂളുകളുടെ എണ്ണം 4,133 ആയി ഉയർന്നു. ഈ സ്കൂളുകളിൽ 19,502 അധ്യാപകർ ഉണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഉത്തർപ്രദേശിൽ ഒറ്റ കുട്ടി പോലുമില്ലാത്ത സ്കൂളുകളുടെ എണ്ണം 81ൽ നിന്ന് 313 ആയി കൂടി. ഇവിടത്തെ അധ്യാപകരുടെ എണ്ണവും കഴിഞ്ഞവർഷം 56ൽ നിന്ന് 177ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2024-25ൽ കുട്ടികളില്ലാത്ത ഒരു സ്കൂൾ പോലും ഇല്ലാതിരുന്ന ഛത്തീസ്ഗഢിൽ ഈ വർഷം കുട്ടികളില്ലാത്ത 149 സ്കൂളുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ 140 അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schoolsschool closureSchools ShutSchool educationUDISE Data
News Summary - 13 Schools Shut Every Day In India
Next Story